ടോക്കിയോ:കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ഒളിമ്പിക് പ്രതീക്ഷ സജീവമാക്കി കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനില്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സോഫ്‌റ്റ് ബോള്‍ ടീമാണ് ജപ്പാനിലെത്തിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വനിതാ ടീമാണ് എത്തിയത്.
ടീം അംഗങ്ങളെ കൂടാതെ 10 സപ്പോര്‍ട്ടിങ് സ്റ്റാഫ് മാത്രമാണ് സംഘത്തില്‍ ഉള്ളത്. കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ സംഘാടകര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഒളിമ്പിക്‌സിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനത്തിന് രണ്ട് ദിവസം മുമ്പാണ് ഓസിസ് ടീമിന്‍റെ ആദ്യ മത്സരം.
ഗെയിംസിന് മുമ്പ് പ്രാദേശിക ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാനില്‍ എത്തിയ ഓസിസ് സംഘം. ഇത്തവണ എന്ത് വിലകൊടുത്തും ഒളിമ്പിക്‌സിന്‍റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നും ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പും ജപ്പാനില്‍ എത്തിയ ശേഷവും കൊവിഡ് പരിശോധനക്ക് സംഘം വിധേയരായിരുന്നു.
ടോക്കിയോ ഗെയിംസിനായി ജപ്പാനില്‍ എത്തിയ ഓസ്‌ട്രേലിയന്‍ സോഫ്‌റ്റ് ബോള്‍ ടീം ഹോട്ടലിലേക്കുള്ള യാത്രയില്‍. 2024ല്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ നിന്നും സോഫ്‌റ്റ് ബോള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തവണ അവസരം ലഭിച്ചില്ലെങ്കില്‍ അടുത്തെങ്ങും സോഫ്‌റ്റ് ബോള്‍ ടീമിന് ഒളിമ്പിക്‌സിന്‍റെ ഭാഗമാകാന്‍ സാധിക്കില്ല. ഒളിമ്പിക്‌സ് നടക്കുന്ന ടോക്കിയോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഒടാ നഗരത്തിലാണ് സംഘത്തിനുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹോട്ടലിന്‍റെ ഒരു ഫ്ലോര്‍ പൂര്‍ണമായും സംഘാടകര്‍ വിട്ടുനില്‍കിയിട്ടുണ്ട്. പരിശീലിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ ഇവിടെ ലഭ്യമാക്കും.
ജപ്പാനില്‍ കൊവിഡ് ഭീതി തുടരുമ്പോഴാണ് ആദ്യ സംഘം ഒളിമ്പിക്‌സിനായി എത്തിയിരിക്കുന്നത്. ഇത് ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് വലിയ ആശ്വാസമേകും. കൊവിഡ് പശ്ചാത്തലത്തില്‍ ജപ്പാനില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. പ്രദേശവാസികള്‍ക്കിടയില്‍ ഗെയിംസ് നടത്തുന്നതിന് എതിരായ വികാരം ശക്തമാണ്. എന്നാല്‍ ഗെയിംസ് നടത്താനാകുമെന്ന ഉറപ്പില്‍ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാന്‍ ഭരണകൂടവും മുന്നോട്ട് പോവുകയാണ്.