ടോക്കിയോ:ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടോക്കിയോ ഒളിമ്പിക്സ് സിഇഒ തോഷിരോ മ്യൂട്ടോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സ്വകാര്യത മാനിച്ച് ഏത് രാജ്യത്ത് നിന്നെത്തിയ ഓഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
''കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ട്.'' ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിരവധിയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജൂലൈ 23 മുതല്‍ക്ക് ഓഗസ്റ്റ് എട്ട് വരെ ഒളിമ്പിക്സ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.
നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം ഒളിമ്പിക്സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യൽസുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.