ലണ്ടന്‍:ഇതിഹാസങ്ങൾ അങ്ങനെയാണ്... ലോകമുള്ള കാലത്തോളം ആ പേരുകളും ഓർമിക്കപ്പെടും. 2022 ജൂൺ രണ്ടിന് രാത്രി ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ നേരിടാനൊരുങ്ങുകയാണ് അർജന്‍റീന. യൂറോപ്യൻ ടീമുകളോട് മത്സരിക്കുമ്പോൾ അർജന്‍റീനയുടെ മുട്ടുവിറയ്ക്കുമെന്നും നായകൻ സാക്ഷാല്‍ ലയണല്‍ മെസി മൈതാനത്ത് നിറം മങ്ങുമെന്നും എതിരാളികൾ പറഞ്ഞു നടന്നു.
മത്സരം ആരംഭിച്ചു: ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച് മുന്നേറുന്നതിനിടെ 27-ാം മിനിട്ടിന്‍റെ അവസാനം ഇറ്റാലിയൻ പ്രതിരോധ താരത്തെ സമർഥമായി കബളിപ്പിച്ചുകൊണ്ട് ലയണല്‍ മെസിയുടെ മുന്നേറ്റം. വേഗം കൊണ്ടും മികവുകൊണ്ടും കൃത്യത കൊണ്ടും അളന്നുമുറിച്ച പാസ് മെസിയുടെ കാലില്‍ നിന്ന് ഇറ്റാലിയൻ ഗോൾ മുഖത്തേക്ക്. മുന്നേറ്റ താരം ലൗട്ടാരോ മാർട്ടിനസിന് ഗോൾ വലയിലേക്ക് തട്ടിയിടേണ്ട പാകത്തില്‍ നല്‍കിയ ക്രോസ് ഗോളായി മാറുമ്പോൾ ഇരു കൈയും നീട്ടി സഹതാരങ്ങൾക്കൊപ്പം ആഘോഷം പങ്കിടുകയായിരുന്നു മെസി.
പിന്നീട് ഇറ്റലി മൈതാനത്ത് പോലും ഉണ്ടായില്ല. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എയ്‌ഞ്ചല്‍ ഡി മരിയയും 94-ാം മിനിട്ടില്‍ പൗലോ ഡിബാലയും നേടിയ ഗോളുകൾക്ക് ഇറ്റലിയെ കീഴടക്കി അർജന്‍റീന കിരീടം നേടുമ്പോൾ സ്വന്തം രാജ്യത്തിന് വേണ്ടി കിരീടം നേടാത്തവൻ എന്ന ആക്ഷേപത്തിന്‍റെ മുന രണ്ടാമത് ഒരിക്കല്‍ കൂടി തല്ലിയൊടിക്കാനും മെസിക്കായി.
'ബഹുമാനിക്കണം അയാളെ'...: 'ഒരു സീസണിലെ മോശം പ്രകടനം അയാളുടെ ഫോമിനെ ഇല്ലാതാക്കില്ല. കളക്കളത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് അനിവാര്യമാണ്' അര്‍ജന്‍റീനയ്‌ക്കെതിരായ ഫൈനലിസിമയ്‌ക്ക് മുന്നെ ഇറ്റാലിയന്‍ പ്രതിരോധ താരം ലിയോനോര്‍ഡോ ബൊനൂച്ചിയുടെ വാക്കുകളാണിത്. ക്ലബ് ഫുട്‌ബോളില്‍ സമീപ കാലത്ത് ഫോമില്ലായ്‌മയില്‍ വലയുകയാണെങ്കിലും ലയണല്‍ മെസിയെന്ന അര്‍ജന്‍റൈന്‍ നായകന്‍റെ ക്ലാസിനെ ബഹുമാനിക്കണമെന്ന് സഹതാരങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു അത്.