ദോഹ : ലോകകപ്പ് ഫുട്‌ബോളിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 8:30ന് ഖലീഫ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരം ജയിച്ച് മടങ്ങാനാകും ഇരു കൂട്ടരുടെയും ശ്രമം.
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനം മെച്ചപ്പെടുത്താനിറങ്ങിയ ക്രൊയേഷ്യക്ക് പടിക്കല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഖത്തറില്‍ മൂന്നാം സ്ഥാനമെങ്കിലും സ്വന്തമാക്കി ആശ്വാസം കണ്ടെത്താനാകും യൂറോപ്യന്‍ സംഘത്തിന്‍റെ ശ്രമം. ക്രൊയേഷ്യന്‍ ജഴ്‌സിയില്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ഇറങ്ങുന്ന അവസാന മത്സരം കൂടിയാകും ഇന്നത്തേത്.
ലോകകപ്പില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ മൊറോക്കോയും ജയിച്ച് മടങ്ങാനാകും ആഗ്രഹിക്കുന്നത്. കാല്‍പ്പന്ത് കളിയുടെ ലോകമാമാങ്ക വേദിയില്‍ ആദ്യമായി സെമിഫൈനലിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടം നേരത്തെ മൊറോക്കോ സ്വന്തമാക്കിയതാണ്. ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ച് ലോകകപ്പില്‍ മറ്റൊരു ചരിത്രം കൂടി സൃഷ്‌ടിക്കുകയാകും അവരുടെ ലക്ഷ്യം.
മൂന്നാംസ്ഥാനത്തിനായി ഇറങ്ങുമ്പോള്‍ ക്രൊയേഷ്യയും മൊറോക്കോയും തുല്യശക്തികളാണ്. ഒരു തോല്‍വി മാത്രമാണ് രണ്ട് ടീമും ടൂര്‍ണമെന്‍റില്‍ വഴങ്ങിയത്. ഗ്രൂപ്പ് സ്‌റ്റേജില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം.
പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായാണ് മൊറോക്കോയും ക്രൊയേഷ്യയും മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍, ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ടീമുകളെ പരാജയപ്പെടുത്തിയ മൊറോക്കന്‍ ടീമിന് സെമിയില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങേണ്ടി വന്നു. മറുവശത്ത് ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടില്‍ ജപ്പാനെയും, ബ്രസീലിനെയും തകര്‍ത്തിരുന്നു. സെമിയില്‍ അര്‍ജന്‍റീനയ്‌ക്കെതിരെയാണ് ടീം അടിയറവ് പറഞ്ഞത്.