സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കൊപ്പം ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം നേടിയപ്പോള്‍, ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിലെത്തിയ ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്‌ക്ക് ഇടം ലഭിച്ചില്ല.
ആഴ്‌സണലിന്‍റെ ഇതിഹാസ പരിശീലകന്‍ ആഴ്‌സീന്‍ വെങറും ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയൂസും ചേര്‍ന്നാണ് ഫിഫ ഇലവനെ പ്രഖ്യാപിച്ചത്. 3-3-4 ശൈലിയിലാണ് ടീമിന്‍റെ തിരഞ്ഞെടുപ്പ്.
പിഎസ്‌ജി താരം ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഗോൾകീപ്പർ. റയല്‍ മാഡ്രിഡിന്‍റെ ഡേവിഡ് അലാബ, യുവന്‍റസിന്‍റെ ലിയോനാർഡോ ബോണൂച്ചി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡിയാസ് എന്നിവരാണ് പ്രതിരോധ താരങ്ങള്‍.