സൗദി അറേബ്യ : ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന ഖത്തർ ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോമിന് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഖത്തർ ബ്രോഡ്‌കാസ്റ്ററായ ബിഇൻ(beIN) മീഡിയ ഗ്രൂപ്പിന്‍റെ ടോഡ് ടിവി എന്ന പ്ലാറ്റ്‌ഫോമിനാണ് സൗദി വിലക്ക് ഏർപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 24 രാജ്യങ്ങളിലെ ഔദ്യോഗിക ലോകകപ്പ് സ്ട്രീമിങ് സേവനം ടോഡ് ടിവിയാണ് നൽകുന്നത്.
നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഖത്തർ മീഡിയ കമ്പനിയുടെ ടോഡ് ടിവിക്ക് സൗദി മൂന്ന് വർഷത്തോളം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2021ൽ ഇത് പിൻവലിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലോകകപ്പിന്‍റെ ഉത്ഘാടന മത്സരത്തിന് ഒരു മണിക്കൂർ മുന്‍പേ ചാനലിന്‍റെ സംപ്രേഷണം നിലച്ചതായി ചിലർ അഭിപ്രായപ്പെട്ടപ്പോൾ, മത്സരങ്ങൾ 10 മിനിട്ടിലധികം കാണാൻ സാധിച്ചില്ലെന്ന് ചില ഉപയോക്‌താക്കൾ പറഞ്ഞു.