ലിമ (പെറു):2026-ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജയം തുടര്‍ന്ന് ലയണല്‍ മെസിയുടെ അര്‍ജന്‍റീന. പെറുവിനെതിരായ എവേ മത്സരത്തില്‍ എതിരാല്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റൈന്‍ ടീം ജയം പിടിച്ചത് (FIFA World Cup qualifier Peru vs Argentina Highlights). നായകന്‍ ലയണല്‍ മെസിയാണ് (Lionel Messi) ടീമിന്‍റെ പട്ടികയിലെ രണ്ട് ഗോളുകളും നേടിയത്. പെറുവിനെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ മെസി അര്‍ജന്‍റൈന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയിരുന്നു.
പതിഞ്ഞ തുടക്കത്തിന് ശേഷം 32 -ാം മിനിട്ടിലായിരുന്നു അര്‍ജന്‍റീന ആദ്യ ഗോളടിച്ചത്. നിക്കോളാസ് ഗോണ്‍സായിരുന്നു അസിസ്റ്റ്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നുമായിരുന്നു ഈ ഗോളിന്‍റെ വരവ്. എന്‍സോ ഫെര്‍ണാണ്ടസ് പെറുവിന്‍റെ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ഓടിയെടുത്ത നിക്കോളാസ് ഗോണ്‍സാസ് മെസിക്ക് മറിച്ച് നല്‍കി.
താരത്തിന്‍റെ ആദ്യ ടച്ചില്‍ തന്നെ വെടിച്ചില്ല് പോലെ പന്ത് പെറുവിന്‍റെ വലയില്‍. തുടര്‍ന്ന് 10 മിനിട്ടിന് ശേഷം താരം ലീഡ് ഉയര്‍ത്തി. ഇത്തവണ എന്‍സോ ഫെര്‍ണാണ്ടസായിരുന്നു അസിസ്റ്റ്. ജൂലിയന്‍ അല്‍വാരസിന്‍റെ നിര്‍ണായക ഇടപെടലും ഈ ഗോളിലുണ്ടായിരുന്നു. ബോക്‌സിന് അകത്ത് നിന്നും എന്‍സോ നല്‍കിയ ബാക്ക് പാസ് അല്‍വാരസിന്‍റെ കാലുകളിലേക്കാണ് എത്തിയത്.
എന്നാല്‍ പ്രതിരോധ താരങ്ങള്‍ മുന്നില്‍ നില്‍ക്കെ താരം ഒഴിഞ്ഞു മാറിയതോടെ പന്ത് ലഭിച്ച മെസിക്ക് മുന്നില്‍ പെറു ഗോള്‍ കീപ്പര്‍ വീണ്ടും നിസഹായനായി. 59-ാം മിനിട്ടിലും മെസി പെറു പോസ്റ്റിലേക്ക് പന്തെത്തിച്ചെങ്കിലും വാര്‍ പരിശോധനയിലൂടെ റഫറി ഗോള്‍ നിഷേധിച്ചു. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ തലപ്പത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ അര്‍ജന്‍റീന. കളിച്ച നാല് മത്സരങ്ങളും വിജയിച്ച ടീമിന് 12 പോയിന്‍റാണുള്ളത്.
ഉറുഗ്വായിനോട് തോറ്റ് ബ്രസീല്‍:മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ ഉറുഗ്വായ് തോല്‍പ്പിച്ചു (FIFA World Cup qualifier Uruguay vs Brazil Highlights). സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വായ് കാനറികളെ തറ പറ്റിച്ചത്. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ആതിഥേയര്‍ക്കായി ഗോളടിച്ചത്. കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിന്‍റെ ഇരു പകുതികളിലുമാണ് ഉറുഗ്വായ് ഗോളടിച്ചത്.
മത്സരത്തിന്‍റെ 42-ാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനെസിലൂടെയാണ് ഉറുഗ്വായ് മുന്നിലെത്തിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ 77-ാം മിനിട്ടില്‍ നിക്കോളാസ് ഡി ലാ ക്രൂസും ലക്ഷ്യം കണ്ടു. ബ്രസീലിനെതിരെ കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടെ ഉറുഗ്വായ് നേടുന്ന ആദ്യ വിജയമാണിത്. മത്സരത്തിനിടെ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് (Neymar) പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. ആദ്യപകുതിയില്‍ ഇഞ്ചുറി ടൈമില്‍ കാല്‍മുട്ടിന് പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിന്‍റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്.
തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഏഴ് പോയിന്‍റാണ് കാനറികള്‍ക്കുള്ളത്. മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞതോടെ ബ്രസീലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഉറുഗ്വായ്ക്ക് കഴിഞ്ഞു. നാല് കളികളില്‍ നിന്നും ഏഴ് പോയിന്‍റാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ഉറുഗ്വായ് കാനറികളെ പിന്നിലാക്കിയത്.