ബ്യൂണിസ് ഐറിസ്:ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ (FIFA World Cup Qualifier) അര്‍ജന്‍റീനയുടെ വിജയക്കുതിപ്പിന് അറുതി വരുത്തി ഉറുഗ്വേ. ഇന്ന് (നവംബര്‍ 17) നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീനയെ ലാറ്റിന്‍ അമേരിക്കന്‍ സംഘമായ ഉറുഗ്വേ തകര്‍ത്തത്. യോഗ്യത റൗണ്ടില്‍ 25 മത്സരത്തിന് ശേഷം ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.
മെസി ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം അണിനിരന്ന അര്‍ജന്‍റീനയ്‌ക്ക് അധികം അവസരങ്ങളൊന്നും നല്‍കാതെയാണ് ഉറുഗ്വേ ജയം പിടിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധ നിരതാരം അറോഹോയും രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ ന്യൂനസും ചേര്‍ന്നാണ് ഉറുഗ്വേയ്‌ക്കായി അര്‍ജന്‍റീനന്‍ വലയില്‍ പന്തെത്തിച്ചത്.
കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ശേഷം പിന്നീട് ലോകമെമ്പാടുമുള്ള കളിയാസ്വാദകര്‍ കണ്ടിരുന്നത് അര്‍ജന്‍റീനയുടെ അപരാജിത കുതിപ്പായിരുന്നു. ആ കുതിപ്പില്‍ ലോകകിരീടവും കൈക്കലാക്കാന്‍ ലയണല്‍ മെസിക്കും സംഘത്തിനും സാധിച്ചിരുന്നു. അങ്ങനെ 14 തുടര്‍ജയങ്ങളുമായെത്തിയ അര്‍ജന്‍റീനയുടെ കുതിപ്പിനാണ് ഉറുഗ്വോ ഫുള്‍സ്റ്റോപ് ഇട്ടിരിക്കുന്നത്.
ആദ്യാവസാനം വരെ ബ്യൂണിസ് ഐറിസില്‍ ലിയോണല്‍ സ്‌കലോണിക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്താന്‍ വിഖ്യാത പരിശീലകന്‍ മാഴ്‌സലോ ബിയേല്‍സയുടെ ശിഷ്യന്മാര്‍ക്കായി. രണ്ട് പകുതികളിലായിട്ടായിരുന്നു ഉറുഗ്വേ അര്‍ജന്‍റിനയുടെ വലയിലേക്ക് ഗോളുകള്‍ നിക്ഷേപിച്ചത്. ആദ്യത്തെ അരമണിക്കൂറില്‍ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല.