ദോഹ: അറേബ്യൻ മണ്ണിലേക്ക് ആദ്യമായി വിരുന്നെത്തുന്ന കാൽപന്ത് പൂരത്തിന് ഖത്തറിലെ പുൽത്തകിടിയിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം. 20 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30 മുതലാണ് തുടക്കമാകുക. ദോഹയുടെ തലസ്ഥാനമായ അൽ ഖോറിലെ 60,000 പേരെ ഉൾക്കൊള്ളിക്കാവുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. രാത്രി 9.30ന് ആതിഥേയരായ ഖത്തർ, ഇക്വഡോറിനെ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. ഇന്ന് വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.
ചരിത്രം ആതിഥേയർക്കൊപ്പം: ലോകകപ്പ് ചരിത്രത്തിൽ ആതിഥേയ ടീം ആദ്യ മത്സരം പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോഡ് തുടരുക എന്നതാവും ഖത്തറിന് മുന്നിലുള്ള വെല്ലുവിളി. ആതിഥേയർ ഉദ്ഘാടന മത്സരം കളിക്കാൻ തുടങ്ങിയത് 2006 ജർമ്മൻ ലോകകപ്പിലാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് കോസ്റ്ററിക്കയെയാണ് മ്യൂണിക്കിൽ ജർമ്മനി തോൽപ്പിച്ചത്. 2010 ലോകകപ്പിൽ മെക്‌സിക്കോ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.