ദോഹ : ലോകകപ്പിന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പിൽ ആരാധകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരണഗ്രൂപ്പിനായിരുന്നു. കരുത്തരായ നാല് ടീമുകൾ അണിനിരക്കുന്ന, അല്ലെങ്കിൽ ഗ്രൂപ്പിലെ ഒരു ടീമിനും വ്യക്തമായ ആധിപത്യം ഉണ്ടെന്ന് കരുതാൻ കഴിയാത്ത ഗ്രൂപ്പുകളെയാണ് മരണ ഗ്രൂപ്പുകളായി വിലയിരുത്തുന്നത്. മരണഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഖത്തറില്‍ ആരാധകരെ കാത്തിരിക്കുന്നത്.
നിലവിലെ നറുക്കെടുപ്പിൽ റാങ്കിങ് അനുസരിച്ചാണ് പോര്‍ട്ട് തീരുമാനിക്കുന്നത് എന്നതിനാൽ ഫിഫ റാങ്കിങ്ങിൽ ഒരേ നിലവാരത്തിലുള്ള ടീമുകൾ ഒരു ഗ്രൂപ്പിൽ വരില്ല. എങ്കിലും കൃത്യമായ ആധിപത്യം ഒരു ടീമിനില്ലാത്ത മരണ ഗ്രൂപ്പ് ഖത്തറിലുമുണ്ട്.
ഈ ലോകകപ്പിലെ ഏറ്റവും സങ്കീർണമായത് ഇ ഗ്രൂപ്പ് ആയിരിക്കും. രണ്ട് മുൻ ലോകകപ്പ് ജേതാക്കളും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ജപ്പാനും അതിൽ അണിനിരക്കുന്നു. ഈ മൂന്ന് ടീമുകൾക്ക് പുറമെ കോസ്റ്ററിക്ക- ന്യൂസിലാൻഡ് മത്സരത്തിലെ വിജയിയാണ് അവർക്കൊപ്പമുണ്ടാവുക. കഴിഞ്ഞ ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ വിജയം മാത്രം നേടി പ്രീ ക്വാർട്ടറിൽ എത്തിയ സ്പെയിൻ റഷ്യയോട് തോൽവി നേരിടുകയായിരുന്നു.