ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലാദ്യമായി മിഡിൽ ഈസ്റ്റ് ആതിഥേയത്വമരുളുന്ന ലോകകപ്പിന്‍റെ ഭാഗമാകാന്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ തിരക്ക്. ഖത്തർ ലോകകപ്പ് 2022നുള്ള പ്രാഥമിക ഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ഒന്നാം ഘട്ട വിൽപ്പനയിലാണ് 1.7 കോടിയിലധികം അപേക്ഷകൾ ലഭിച്ചത്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റിനാണ് ഏറെയും ആവശ്യക്കാരുള്ളത്. 18 ലക്ഷം ആളുകൾ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റിന് വേണ്ടി മാത്രം അപേക്ഷ നൽകി. ഖത്തർ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യുഎഇ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകർ.