ദോഹ: ലോകകപ്പിന്‍റെ ആദ്യ പ്രീ ക്വാർട്ടറിൽ അമേരിക്കയെ തോൽപ്പിച്ച നെതർലൻഡ്‌സ് ക്വാർട്ടറിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഓറഞ്ചുപടയുടെ വിജയം. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയപ്പോള്‍ അമേരിക്കയുടെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. ഇത് ഏഴാം തവണയാണ് ഓറഞ്ചുപട ലോകകപ്പിന്‍റെ ക്വാർട്ടറിൽ കടക്കുന്നത്.
പതിയെ തുടങ്ങിയ നെതർലൻഡ്‌സിനെയാണ് മത്സരത്തിൽ കാണാനായത്. മൂന്നാം മിനിറ്റിൽ തന്നെ ആദ്യ അവസരം സൃഷ്‌ടിച്ചത് അമേരിക്കയായിരുന്നു. ഡച്ചുപടയുടെ ഓഫ്‌സൈഡ് കെണി പൊളിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്‍റെ മികച്ച ഷോട്ട് ഗോൾകീപ്പർ നെപ്പോർട്ടിന്‍റെ ധൈര്യപൂർവമുള്ള സേവ് തുടക്കത്തിൽ ലീഡ് വഴങ്ങുന്നതിൽ നിന്ന് ഡച്ചുകാരെ രക്ഷിച്ചു.
എന്നാൽ പത്താം മിനിട്ടിൽ നെതർലൻഡ്‌സ് തങ്ങളുടെ ക്ലാസ് തെളിയിച്ചു കൊണ്ടുള്ള ഗോളടിച്ച് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. അമേരിക്കൻ താരങ്ങളെല്ലാം എതിർപാളയത്തിൽ നിന്ന ഉചിതമായ സമയത്ത് വൺടച്ച് പാസുകൾക്കൊടുവിൽ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആ ഗോളോടെ ഡച്ച് ടീം കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. ആക്രമണനീക്കങ്ങളിൽ താൽപര്യം കാണിച്ച അവർ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ തുടങ്ങി. കോഡി ഗാക്‌പോയും മെംഫിസും അവസരങ്ങൾ നഷ്‌ടമാക്കി. ഓറഞ്ചുകാരുടെ പാസിങ് ഗെയിമിനിടയിൽ അമേരിക്കയുടെ ചില നീക്കങ്ങളും കണ്ടു.