ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ഖത്തറിനെ വീഴ്‌ത്തി നെതർലൻഡ്‌സും തുല്യരുടെ പോരാട്ടത്തിൽ ഇക്വഡോറിനെ മറികടന്ന സെനഗലും പ്രീ ക്വാർട്ടറിലെത്തി. ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മറികടന്ന ഡച്ചുപട ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇക്വഡോറിന്‍റെ കനത്ത വെല്ലുവിളി അതിജീവിച്ച ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയിച്ച് കയറിയത്. പ്രീ ക്വാർട്ടറിൽ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിന് യുഎസ്എയും ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിന് ഇംഗ്ലണ്ടുമാണ് എതിരാളികൾ.
ഖത്തറിന് ഇനി കളി കാണാം... ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതര്‍ലന്‍ഡ്‌സിന് മുന്നിൽ അടിയറവ് പറഞ്ഞത്. കോഡി ഗാക്‌പോയും ഫ്രാങ്കി ഡി ജോങുമാണ് ഓറഞ്ച് പടയുടെ ഗോൾ സ്‌കോറർമാർ. തോൽവിയോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോറ്റ് പുറത്താകുന്ന ആദ്യ ആതിഥേയരായിരിക്കുകയാണ് ഖത്തർ.
ജയം ലക്ഷ്യമിട്ടിറങ്ങിയ ഡച്ച് ടീം ആതിഥേയരെ വിറപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. നാലാം മിനിറ്റിൽ തന്നെ മെംഫിസ് ഡിപേയുടെ ഗോൾശ്രമം ഖത്തര്‍ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാം തട്ടിയകറ്റി. പിന്നീട് തുടരാക്രമണങ്ങളുമായി ഡച്ച് പടയെത്തിയതോടെ ഖത്തർ പ്രതിരോധത്തിലായി. തുടർച്ചയായ അവസരങ്ങൾ നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ 26-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി.
രണ്ടാം പകുതിയിലും ആക്രമണങ്ങൾ മെനഞ്ഞ ഡച്ച് ടീം 49-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ മെഷാല്‍ ബര്‍ഷാം രക്ഷപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡി ജോങിന്‍റെ ഗോള്‍ വന്നത്.