ദോഹ:അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസിക്ക് മെക്‌സിക്കന്‍ ബോക്‌സര്‍ കാനെലോ അൽവാരസില്‍ നിന്നുയര്‍ന്ന ഭീഷണി ഏറെ ചര്‍ച്ചയാവുകയാണ്. മെക്‌സിക്കോ ജഴ്‌സി മെസി നിലത്തിട്ട് ചവിട്ടിയെന്നാരോപിച്ചാണ് മിഡ്‌വെയ്‌റ്റ് ലോക ചാമ്പ്യനായ കാനെലോ അൽവാരസ് മെസിക്ക് നേരെ തീരിഞ്ഞത്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമിലെ വിജയാഘോഷത്തിനിടെ തറയില്‍ കിടക്കുന്ന ഒരു തുണി മെസി കാലുകൊണ്ട് നീക്കിവയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഇത് മെക്‌സിക്കോയുടെ ജഴ്‌സിയാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ഇതിന് പിന്നാലെയാണ് മെസി തങ്ങളുടെ ജഴ്‌സി ഉപയോഗിച്ച് തറ വൃത്തിയാക്കിയെന്നും തന്‍റെ മുന്നില്‍ വന്ന് പെടാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിക്കട്ടെയെന്നും കാനെലോ ഭീഷണി ഉയര്‍ത്തിയത്. സംഭവത്തില്‍ മെസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇതിനിടെ കനേലോ അൽവാരസിന് പ്രതിരോധിക്കാന്‍ സാക്ഷാല്‍ മൈക്ക് ടൈസണെ രംഗത്ത് ഇറക്കിയിരിക്കുകയാണ് മെസി ആരാധകര്‍. മെസിയെ തൊട്ടാല്‍ മൈക്ക് ടൈസണിറങ്ങുമെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകളുടെ അടിയില്‍ മെസി ആരാധകര്‍ പ്രതികരിക്കുന്നത്.