ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയത്. ഫ്രഞ്ച് പടയ്‌ക്കായി ചൗമേനി, ജിറൂദ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ നായകന്‍ ഹാരി കെയ്‌നിന്‍റെ ബൂട്ടില്‍ നിന്നാണ് ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. ഏറെ വീറും വാശിയും നിറഞ്ഞ മത്സരത്തിന്‍റെ അവസാന മിനിട്ടുകളില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിക്കാനുള്ള അവസരം ഹാരി കെയ്‌നിന് ലഭിച്ചിരുന്നു.
എന്നാല്‍ കിക്കെടുത്ത ഇംഗ്ലണ്ട് നായകന് പിഴയ്‌ക്കുകയായിരുന്നു. ഈ കാഴ്ച കണ്ട് പൊട്ടിച്ചിരിക്കുന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്രഞ്ച് ബോക്‌സില്‍ മേസന്‍ മൗണ്ടിനെ വീഴ്‌ത്തിയതിനാണ് ഇംഗ്ലീഷ് നിരയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലണ്ടിന് തുണയായത്.
82ാം മിനിട്ടില്‍ കെയ്‌ന്‍ പെനാല്‍റ്റിയെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിലായിരുന്നു. എന്നാല്‍ നായകന്‍ വില്ലനാവുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഗോള്‍ കീപ്പറുടെ വലതുഭാഗത്തേക്ക് കെയ്‌ന്‍ തൊടുത്തുവിട്ട ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ആകാശത്തേക്കാണ് പാഞ്ഞത്.