ദോഹ:ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഗോള കാല്‍പ്പന്ത് ആവേശത്തിന് അറബ്യൻ മണ്ണില്‍ കിക്കോഫ്. അറബ് പാരമ്പര്യവും പ്രൗഢിയും പ്രതിഫലിച്ച ഉദ്ഘാടന ചടങ്ങ് കാഴ്‌ചയുടെ വർണ വിസ്‌മയമാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് സമ്മാനിച്ചത്. 20 വർഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിന് ഒരു അറബ് രാജ്യം ആദ്യമായി വേദിയാകുന്നു എന്ന കൗതുകവുമുണ്ട്.
ആരാധകരേ... ലോകമൊരു പന്തായി മാറിക്കഴിഞ്ഞു... ഖത്തർ ലോകകപ്പിന് പ്രൗഢ ഗംഭീര തുടക്കം - ഫുട്‌ബോൾ
ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഗോള കാല്‍പ്പന്ത് മാമാങ്കത്തിന് ഖത്തറില്‍ കിക്കോഫ്, ഇനി എല്ലാ കണ്ണും ഖത്തറിലേക്ക്
ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്. ഡിസംബർ 18 നാണ് കലാശപ്പോര്. വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉദ്ഘാടന മത്സരത്തില്‍ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെയാണ് ലോകകപ്പ് പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുന്നത്.
സാധാരണ, മെയ്, ജൂൺ, ജൂലായ് മാസങ്ങളിലായാണ് ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഖത്തറിലെ കനത്ത ചൂട് കാരണമാണ് ടൂർണമെന്‍റ് നവംബർ- ഡിസംബർ മാസങ്ങളിലേക്ക് മാറ്റിയത്. 29 ദിവസം എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, അർജന്‍റീന, യൂറോപ്പില്‍ നിന്ന് ജർമനി, ഇംഗ്ലണ്ട്, നെതർലന്‍ഡ്‌സ്, ബെല്‍ജിയം, സ്‌പെയിൻ, പോർച്ചുഗല്‍, ആഫ്രിക്കയില്‍ നിന്ന് സെനഗല്‍, കാമറൂൺ, ഖാന, ഏഷ്യയില്‍ നിന്ന് ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരെല്ലാം കപ്പിനായി പോരാടാനുറച്ച് തന്നെയാണ്. ഇന്ത്യന്‍ സമയം എട്ട് മണിയോടു കൂടിയാണ് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.