ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരെ കടുത്ത പോരാട്ടം കാഴ്‌ചവച്ചാണ് ദക്ഷിണ കൊറിയ കീഴടങ്ങിയത്. ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഘാന ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത്. പന്തടക്കത്തില്‍ ദക്ഷിണ കൊറിയ മുന്നിട്ട് നിന്നുവെങ്കിലും അവസരങ്ങള്‍ മുതലാക്കിയാണ് ഘാന കളി പിടിച്ചത്.
തോല്‍വിയോടെ കൊറിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്‌തു. മത്സരത്തിന് ശേഷം അങ്ങേയറ്റം നിരാശനായാണ് കൊറിയയുടെ സൂപ്പര്‍ താരവും നായകനുമായ സൺ ഹ്യും മിൻ കാണപ്പെട്ടത്. ഒരു ഘട്ടത്തില്‍ സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞ ഹ്യും മിനെ ആശ്വസിപ്പിക്കാന്‍ ഘാനയുടെ കോച്ചിങ് സ്റ്റാഫംഗങ്ങള്‍ എത്തുകയും ചെയ്‌തു. എന്നാല്‍ ഇതിനിടെ ഒരു ഘാന കോച്ചിങ് സ്റ്റാഫിന്‍റെ പ്രവൃത്തി ചര്‍ച്ചയാവുകയാണ്.
സങ്കടത്താല്‍ വിങ്ങിപ്പൊട്ടുന്ന ഹ്യും മിനൊപ്പം സെല്‍ഫിയെടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്. അനവസരത്തിലെ പ്രവൃത്തി അവസാനിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന ടീമംഗങ്ങളില്‍ ഒരാള്‍ ഇയാളോട് പറയുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കളിയില്‍ മുഹമ്മദ് കുഡൂസിന്‍റെ ഇരട്ട ഗോളുകളാണ് ഘാനയ്‌ക്ക് വിജയമൊരുക്കിയത്. മുഹമ്മദ് സാലിസുമാണ് സംഘത്തിനായി ഗോള്‍ നേടിയ മറ്റൊരു താരം. ദക്ഷിണ കൊറിയക്കായി സുങ് ചോ ഗുവെയാണ് ഇരട്ട ഗോള്‍ നേടിയത്. തോല്‍വിയോടെ കൊറിയ ഗ്രൂപ്പില്‍ മൂന്നാമതായി. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ട് കളിയില്‍ ആറു പോയിന്‍റുമായി പോര്‍ച്ചുഗലും മൂന്ന് പോയിന്‍റുമായി ഘാനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
Also read:'തൊട്രാ.. പാക്കലാം', മെസിയെ തൊട്ടാല്‍ സാക്ഷാല്‍ മൈക്ക് ടൈസണിറങ്ങും; മെക്‌സിക്കന്‍ ബോക്‌സറോട് അര്‍ജന്‍റൈന്‍ ഫാന്‍സ്