ദോഹ : ഖത്തര്‍ ലോകകപ്പില്‍ നിന്നുമുള്ള പോര്‍ച്ചുഗലിന്‍റെ പുറത്താവല്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് പറങ്കിപ്പടയ്‌ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയാണ് പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസ് ആദ്യ ഇലവനെ ഇറക്കിയത്.
നേരത്തെ പ്രീ ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോ ആദ്യ ഇലവന് പുറത്തായിരുന്നുവെങ്കിലും ടീം ഗോളടിച്ച് കൂട്ടിയിരുന്നു. മൊറോക്കോയ്‌ക്ക് എതിരെ ഈ മികവ് ആവര്‍ത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. 42-ാം മിനിട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. ഇതിന് പിന്നാലെ 51-ാം മിനിട്ടിലാണ് സാന്‍റോസ് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയത്.
37കാരനായ താരം കളത്തിലേക്കെത്തിയതോടെ പോര്‍ച്ചുഗല്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചു. നിരന്തരം മൊറോക്കൻ ഗോൾ മുഖത്തേക്ക് ആക്രമണം അഴിച്ചുവിടാൻ സംഘത്തിന് കഴിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്ന് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരിശീലകന്‍ സാന്‍റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ്.
ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് ജോർജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രിസ്റ്റ്യാനോ കളത്തിലെത്തിയപ്പോള്‍ വൈകിയിരുന്നുവെന്നും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ലെന്നും ജോർജിന പറഞ്ഞു.