ഇതിഹാസപൂർണതയ്‌ക്ക് ലോകകപ്പിന്‍റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടി നൽകി വിശ്വകിരീടമുയർത്താനാകും ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന നീലക്കടലാരവത്തിന് മുന്നിൽ ഇന്ന് ലയണൽ മെസി ഇറങ്ങുക. ഫുട്‌ബോളിനെ അതിമനോഹര കളിയാക്കിയ ഇതിഹാസ താരങ്ങളുടെ പട്ടികയെടുക്കുമ്പോൾ എന്നും മുൻപന്തിയിലാണ് താരം. രണ്ട് പതിറ്റാണ്ടിലധികമായി കാറ്റ് നിറച്ച തുകൽപന്തിനുപിന്നിലുള്ള ഓട്ടത്തിനിടയിൽ തന്‍റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത മെസിക്ക് കാൽപന്ത് കളിയുടെ വിശ്വകിരീടം എന്നത് മാത്രം കിട്ടാക്കനിയാണ്.
ആ കുറിയ മനുഷ്യൻ ഇടം കാലിൽ ഒളിപ്പിച്ച ഡ്രിബ്ലിങ് മാന്ത്രികതയും ഞൊടിയിടയിൽ എതിർ പ്രതിരോധത്തെ സ്‌തബ്‌ധരാക്കുന്ന മുന്നേറ്റങ്ങളും കാൽപന്ത് ലോകത്തിന് നിത്യവിരുന്നാണ് സമ്മാനിക്കുന്നത്. പ്രായമേറുംതോറും വീര്യം കൂടുകയാണ് ലയണൽ മെസിക്ക്. അതുതന്നെയാണ് ഖത്തർ ലോകകപ്പിലെ ഓരോ മത്സരങ്ങളിലും നമുക്ക് കാണാനായത്.
അർജന്‍റീനയ്ക്കായി അഞ്ചാം ഫൈനലിനാണ് മെസിയൊരുങ്ങുന്നത്. കപ്പിനും ചുണ്ടിനുമിടയിലാണ് 2014 ലെ ലോകകപ്പ് മെസിക്ക് നഷ്‌ടപ്പെട്ടത്. അര്‍ജന്‍റീന എന്ന രാജ്യത്തിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുടെയും അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്‍റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നുപതറി. 2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ പെനല്‍റ്റി കിക്ക് പുറത്തേക്ക്. അതുമതിയായിരുന്നു ആ ഇതിഹാസത്തെ ക്രൂശിലേറ്റാന്‍ കാത്തിരുന്നവര്‍ക്ക്.
എല്ലാം നഷ്‌ടമായ നിരാശയില്‍ വെള്ളയും ആകാശനീലയും ഇടകലര്‍ന്ന അര്‍ജന്‍റൈന്‍ കുപ്പായം എന്നന്നേയ്ക്കുമായി ഊരിവയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. എന്നാൽ ഒരു വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് ഫുട്ബോളുമായുള്ള ജൈവബന്ധം. അര്‍ജന്‍റീനയ്ക്കുവേണ്ടി, ആരാധകര്‍ക്കുവേണ്ടി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിച്ചു.
നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം. കോപ്പ അമേരിക്ക ഫൈനലിന്‍റെ കലാശപ്പോരിൽ ബദ്ധവൈരികളായ ബ്രസീലിനെ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസിയുടെ ആദ്യ അന്താരാഷ്‌ട്ര കിരീടധാരണം. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി 4 ഫൈനലുകളിൽ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവ്. ലാറ്റിനമേരിക്കൻ ടീമുകളേക്കാൾ കരുത്ത് യൂറോപ്പിനെന്ന ചർച്ചകൾക്കിടെ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഈ വർഷം ഫൈനലിസിമയിലും മെസിപ്പട വീഴ്ത്തി.