ദോഹ: ലയണൽ മെസിയും അർജന്‍റീനയും ഇല്ലാതെ എന്ത് ലോകകപ്പ് നോക്കൗട്ട്... ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പ്രതിരോധക്കോട്ട തീർത്ത പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 16 ൽ ഇടമുറപ്പിച്ചത്. ഗോൾരഹിതമായി തുടർന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാംപകുതിയില്‍ അലക്‌സിസ് മക് അലിസ്റ്ററും ജൂലിയൻ അല്‍വാരസും നേടിയ ഇരട്ട ഗോളുകളാണ് മെസിക്കും സംഘത്തിനും മുന്നോട്ടുള്ള പ്രയാണം എളുപ്പമാക്കിയത്.
ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അട്ടിമറി തോൽവി ഏറ്റുവാങ്ങിയ നീലപ്പട തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പരാജയപ്പെട്ടെങ്കിലും അത്ഭുതകരമായി പോളണ്ടും പ്രീക്വാർട്ടറിലേക്ക് എത്തി. മെക്സിക്കോയെ ഗോൾ വ്യത്യാസത്തിന്‍റെ ബലത്തിലാണ് പോളണ്ട് മറികടന്നത്.
പ്രതിരോധവുമായി പോളിഷ് പട.. സമനില നേടിയാല്‍പ്പോലും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് തന്നെ ജീവൻകൊടുത്തും അർജന്‍റീനൻ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന പോളിഷ് പടയെയാണ് തുടക്കം മുതൽ കണ്ടത്. പത്ത് പേരെ വച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസ്സി അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവര്‍ തൊടുത്തത്. അതില്‍ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതില്‍ ഏഴെണ്ണം മെസ്സിയുടെ വക തന്നെ. ഇതിന് പുറമെ അഞ്ച് കിണ്ണംകാച്ചിയ പാസും മെസ്സി നല്‍കി. സെഷ്നിയുടെ മിടുക്കും ചില പിഴവുകളും ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലാകുമായിരുന്നു പോളണ്ടിന്റെ തോല്‍വി.
താരമായി സെസ്‌നി.. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ സെസ്‌നി അനായാസം കൈയിലൊതുക്കി. തൊട്ടുപിന്നാലെ തന്നെ മെസിയുടെ മറ്റൊരു ഗോൾശ്രമവും സെസ്‌നി വിഫലമാക്കി. 17-ാം മിനിറ്റില്‍ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ സെസ്‌നി അത് തട്ടിയകറ്റി, റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രന്‍ ഷോട്ട് ഇഞ്ചുകൾ മാത്രം വ്യത്യാസത്തിലാണ് പുറത്ത് പോയത്. 32ആം മിനുട്ടിൽ വീണ്ട സെസ്‌നി പോളണ്ടിന്‍റെ രക്ഷയ്ക്ക് എത്തി. ഡി മരിയയുടെ തകർപ്പൻ കോർണർ മഴവില്ല് പോലെ വളഞ്ഞിറങ്ങിയത് തടയാൻ പോളിഷ് കീപ്പർ പ്രയാസപ്പെട്ടു. 36-ാം മിനിറ്റില്‍ സെസ്‌നിയുടെ മറ്റൊരു സൂപ്പർ സേവ്. ഇത്തവണ അൽവരസിന്‍റെ അപകടകരമായ ഷോട്ടാണ് ഗോളാകാതെ മടങ്ങിയത്.
പെനാൽറ്റി നഷ്‌ടമാക്കി മെസി.. 38-ാം മിനിറ്റില്‍ മെസിയെ ഗോള്‍കീപ്പര്‍ സെസ്‌നി ഫൗൾ ചെയ്‌തതിന് വാറിന്‍റെ സഹായത്തോടെ അർജന്‍റീനക്ക് അനുകൂലമായ പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത മെസിക്ക് പിഴച്ചു. പോസ്റ്റിന്റെ വലത് ഭാഗത്തേക്കുള്ള മെസിയുടെ ഷോട്ട് മികച്ച ഡൈവിലൂടെ സെസ്‌നി രക്ഷപ്പെടുത്തി. ഈ ലോകകപ്പിൽ സെസ്‌നിയുടെ രണ്ടാം പെനാൽറ്റി സേവ്.. ഇതിനു ശേഷം ആദ്യ പകുതിയിൽ രണ്ട് സേവ് കൂടെ സെസ്‌നി നടത്തി.
നീലവസന്തം.. ആദ്യ പകുതിയിലെ മിടുക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ സെസ്‌നിക്ക് കാണിക്കാനായില്ല. 46-ാം മിനിറ്റിൽ മധ്യനിരതാരം മക് അലിസ്റ്ററിലൂടെ അർജന്‍റീന ലീഡ് എടുത്തു. മൊളീനയുടെ പാസിൽ നിന്ന് ആയിരുന്നു താരത്തിന്‍റെ അർജന്‍റീന കരിയറിലെ ആദ്യ ഗോൾ വന്നത്. ഈ ഗോളോടുകൂടി അർജന്‍റീനയുടെ ആക്രമണങ്ങളുടെ വീര്യം പതിന്മടങ്ങായി വര്‍ധിച്ചു. അവർ പന്ത് കൈവശം വെച്ച് നിരന്തരം അറ്റാക്ക് ചെയ്‌തു. 67-ാം മിനിറ്റിൽ പോളണ്ടിന്‍റെ ഹൃദയം തകര്‍ത്തുകൊണ്ട് അർജന്‍റീന വീണ്ടും വലകുലുക്കി. എൻസോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിൽ വെച്ച് യുവതാരം ജൂലിയൻ അല്‍വാരസ് ആണ് അർജന്‍റീനയുടെ രണ്ടാം ഗോൾ നേടിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചു. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണ് അർജന്റീന നേടിയത്. ഓസ്ട്രേലിയ ആയിരിക്കും അർജന്റീനയുടെ പ്രീക്വാർട്ടറിലെ എതിരാളികൾ.