ദോഹ : ഇഞ്ച്വറി ടൈമും ഭാഗ്യനിർഭാഗ്യങ്ങളുടെ കളിയായ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് അർജന്‍റീന ഖത്തർ ലോകകപ്പിന്‍റെ സെമിഫൈനലിൽ. അടിയും തിരിച്ചടിയുമായി ആവേശക്കൊടുമുടി കയറിയ വാശിയേറിയ രണ്ടാം ക്വാര്‍ട്ടറിൽ നെതര്‍ലൻഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന്‍റെ വിജയത്തോടെയാണ് മെസിപ്പടയുടെ കുതിപ്പ്. ഷൂട്ടൗട്ടിൽ ഡച്ചുപടയുടെ ആദ്യ രണ്ട് കിക്കുകൾ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസാണ് മുന്നോട്ടുള്ള പ്രയാണത്തിൽ നീലപ്പടയ്ക്ക് തുണയായത്. അർജന്‍റീനയുടെ ആറാം സെമി ഫൈനൽ പ്രവേശനമാണിത്.
നിശ്ചിത 90 മിനിറ്റിലും അധികസമയത്തും ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്‍റീനയ്ക്കായി നഹ്വെല്‍ മൊളീനയും നായകന്‍ ലയണല്‍ മെസിയും ലക്ഷ്യം കണ്ടപ്പോള്‍ നെതര്‍ലൻഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി.
ഷൂട്ടൗട്ടില്‍ അർജന്‍റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പെരെഡസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോൾ നാലാം കിക്കെടുത്ത എൻസോ ഫെർണാണ്ടസിന് പിഴച്ചു. ഓറഞ്ചുപടയുടെ ആദ്യ രണ്ട് കിക്കെടുത്ത നായകൻ വിർജിൽ വാൻ ഡിജിക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരുടെ ഷോട്ടുകൾ മാർട്ടിനസ് തടുത്തിട്ടപ്പോൾ ടിയൂന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവര്‍ ലക്ഷ്യം നേടി. ബ്രസീലിനെ ഷൂട്ടൗട്ടിൽ കീഴടക്കിയെത്തുന്ന ക്രൊയേഷ്യയാണ് സെമിയിൽ അർജന്‍റീനയുടെ എതിരാളികൾ....
പ്രതിരോധം അരക്കെട്ടുറപ്പിച്ച് ശക്തമായ ടീമുകളുമായാണ് ഇരുസംഘങ്ങളും കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ നെതർലൻഡ്‌സിന്‍റെ മുന്നേറ്റങ്ങൾ ചെറുത്ത് നിന്ന അർജന്‍റീന പതിയെ മത്സരത്തിലേക്കെത്തി. 22-ാം മിനിറ്റില്‍ മെസിയുടെ 25 വാര അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റിൽ ഡി പോളിന്‍റെ നിലംപറ്റെയുള്ള ഷോട്ട് ഗോൾകീപ്പർ നൊപ്പോർട്ട് അനായാസം കൈപ്പിടിയിലാക്കി.
ക്ലാസിക്കൽ അസിസ്റ്റ് : 35-ാം മിനിറ്റിൽ ദീര്‍ഘവീക്ഷണത്തോടെ മെസി നൽകിയ മനോഹരമായ പാസ് നെതർലൻഡ്‌സിന്‍റെ പ്രതിരോധം കീറിമുറിച്ച് നഹ്വെല്‍ മൊളീനയിലേക്ക്. പാസ് അനായാസം കാലിൽ കുരുക്കിയ മൊളീന പ്രതിരോധതാരം വാൻ ഡിജിക്കിനെയും ഗോൾകീപ്പർ നൊപ്പേർട്ടിനെയും മറികടന്ന് വലകുലുക്കി. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനൻ ആരാധകർ ആനന്ദനൃത്തമാടി.
രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ മൈതാന മധ്യത്തിൽ പന്ത് പിടിച്ചെടുത്ത മെസി ഡച്ച് പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി മക് അലിസ്റ്ററിന് നൽകിയ പാസ് മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. പിന്നാലെ മെസിയെ വീഴ്‌ത്തിയതിന് ബോക്‌സിനരികിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് വലയെ തൊട്ടുരുമ്മിയാണ് പുറത്തുപോയത്.
ഗോൾനേട്ടത്തിൽ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കൊപ്പം : 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു. മാർകസ് അക്യൂനയെ ബോക്‌സിനകത്തുവെച്ച് ഡംഫ്രിസ് ഫൗള്‍ ചെയ്‌തതിനെത്തുടര്‍ന്നാണ് അർജന്‍റീനയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഈ ഗോളോടുകൂടി ലോകകപ്പില്‍ അർജന്‍റീനയ്‌ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പം മെസിയെത്തി. ഈ ഗോളോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോള്‍ നേട്ടം 10 ആയി ഉയര്‍ന്നു. ഈ ലോകകപ്പിലെ താരത്തിന്‍റെ നാലാം ഗോളാണിത്.
രണ്ട് ഗോളുകൾക്ക് പിന്നിലായെങ്കിലും വീര്യം ചോരാതെ പൊരുതിയ നെതര്‍ലന്‍ഡ്‌സ് ഒരു ഗോൾ മടക്കി. മികച്ച ഹെഡറിലൂടെ 83-ാം മിനിറ്റില്‍ വൗട്ട് വെഗോര്‍സ്റ്റാണ് നെതര്‍ലന്‍ഡ്‌സിനായി വലകുലുക്കിയത്. തൊട്ടുപിന്നാലെ ബെര്‍ഗ്യൂസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയി. പിന്നാലെ ഗോളടിക്കാനായി നെതര്‍ലന്‍ഡ്‌സും ഗോൾ വഴങ്ങാതിരിക്കാനായി അർജന്‍റീനയും പൊരുതിയതോടെ മത്സരം കയ്യാങ്കളിയിലേക്കും നീങ്ങി.
വെഗോര്‍സ്റ്റിന്‍റെ ഇരട്ടപ്രഹരം : പിന്നാലെ ജയത്തോടെ അർജന്‍റീന സെമിയിലേക്ക് മാർച്ച് ചെയ്യുമെന്ന് തോന്നിപ്പിച്ച സമയത്താണ് രക്ഷകനായി വീണ്ടും വെഗോര്‍സ്റ്റ് അവതരിച്ചത്. അനാവശ്യമായി അർജന്‍റീന വഴങ്ങിയ ഒരു ഫ്രീകിക്കിൽ നിന്നാണ് സമനില ഗോൾ പിറന്നത്. നേരിട്ട് ഷോട്ട് ഉതിർക്കാതെ കൂപ്പ്‌മെയ്‌നേഴ്‌സ് ബോക്‌സിലേക്ക് നീക്കിനൽകിയ പന്ത് സ്വീകരിച്ച വെഗോര്‍സ്റ്റ് ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.
എക്‌സ്ട്ര ടൈമില്‍ അർജന്‍റീന വിജയഗോളിനായി കിണഞ്ഞുശ്രമിച്ചു. 119-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ലൗട്ടാറോ മാര്‍ട്ടിനെസ് പാഴാക്കി. എക്‌സ്ട്ര ടൈം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ഷോട്ട് ബാറിലിടിച്ച് തെറിച്ചു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 15 മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.
പറവയായി മാർട്ടിനസ് : നെതര്‍ലന്‍ഡ്‌സിനായി ആദ്യ കിക്കെടുത്തത് വാൻ ഡിജിക്ക്. താരത്തിന്‍റെ കരുത്തുറ്റ ഷോട്ട് മുഴുനീള ഡൈവിലൂടെ മാർട്ടിനസ് തടഞ്ഞു. അര്‍ജന്‍റീനക്കായി മെസിയുടെ മറുപടി അനായാസം വലയിൽ. രണ്ടാം കിക്കില്‍ ബെര്‍ഗ്യൂസിനും മാർട്ടിനസിന് മുന്നിൽ പിഴച്ചതോടെ നെതര്‍ലന്‍ഡ്‌സ് തിരിച്ചടി നേരിട്ടു. പിന്നാലെ വന്ന പരഡെസ് ലക്ഷ്യം കണ്ടതോടെ അർജന്‍റീന 2-0 ന് മുന്നിൽ.
മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. നെതര്‍ലന്‍ഡ്‌സിനായി കൂപ്പ്‌മെയ്‌നേഴ്‌സും അര്‍ജന്‍റീനക്കായി മോണ്ടിയലും ലക്ഷ്യം കണ്ടു. വെഗോര്‍സ്റ്റിന്‍റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ അടി പുറത്തേക്കായിരുന്നു. നെതര്‍ലന്‍ഡ്‌സിനായി അവസാന കിക്ക് ലൂക്ക് ഡിയോങ് ലക്ഷ്യത്തിലെത്തിച്ചതോടെ 3-3 ന്‍റെ സമനില. അര്‍ജന്‍റീനക്കായി അവസാന കിക്കെടുത്ത ലൗട്ടാറോ മാര്‍ട്ടിനസിന് പിഴച്ചില്ല. അനായാസം പന്ത് വലയിൽ എത്തിച്ച മാര്‍ട്ടിനസ് ലയണൽ സ്‌കലോണിക്കും സംഘത്തിനും സെമി ടിക്കറ്റുറപ്പിച്ചു.