ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് ആവേശമായി ലയണൽ മെസിയും അർജന്‍റീനയും ലോകകപ്പ് ഫുട്‌ബോളിന്‍റെ ക്വാർട്ടറിൽ... ഖത്തർ ലോകകപ്പിലെ രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്‍റീന ജയിച്ചുകയറിയത്.. സൂപ്പർ താരം ലയണൽ മെസിയും യുവതാരം ജൂലിയൻ അൽവാരസും നേടിയ ഗോളുകളാണ് എട്ട് വർഷത്തിന് ശേഷം നീലപ്പടയ്‌ക്ക് ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്.
മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ തളികയിലെന്ന പോലെ ലയണൽ മെസി വെച്ചു നൽകിയ അവസരങ്ങൾ ലൗറ്റാറോ മാർട്ടിനസ് നഷ്‌ടമാക്കിയില്ലായിരുന്നുവെങ്കിൽ അർജന്‍റീനയുടെ വിജയം ഇതിലും മികച്ചതായേനേ.. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ. അവസാന എട്ടില്‍ നെതർലൻഡ്‌സാണ് നീലപ്പടയുടെ എതിരാളികൾ.
നോക്കൗട്ടിലെ ആദ്യ ഗോളുമായി മെസി:പന്തടക്കത്തിലും പാസിങ്ങിലും അര്‍ജന്റീന മുന്നിൽ നിന്ന ആദ്യ പകുതിയിൽ മികച്ച ഫിസിക്കൽ ഗെയിമിലൂടെ ഓസീസും പോരാടി... 35 മിനിറ്റ് വരെ ഗോൾരഹിതമായി തുടർന്ന മത്സരത്തെ ചൂടുപ്പിടിച്ചത് ലയണൽ മെസിയുടെ സുന്ദരമായ ഫിനിഷാണ്. ആരാധകരെയും ഓസ്‌ട്രേലിയയെയും അമ്പരിപ്പിച്ചുകൊണ്ടാണ് മെസി വലകുലുക്കിയത്.
വലത് പാർശ്വത്തിലെ മെസിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിവെച്ചത്. മെസിയുടെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും മാക് അലിസ്റ്ററിലൂടെ ഒട്ടമെന്‍ഡി നൽകിയ പന്ത് മെസിയിലേക്ക്.. അതുവരെ കത്രിക പൂട്ടിട്ട് പൂട്ടിയ ഓസീസ് പ്രതിരോധത്തെ പിളർത്തിയ മെസിയുടെ ഇടം കാലൻ ഷോട്ട് ഗോൾകീപ്പർ റയാനെ കീഴടക്കി വലയിലേക്കെത്തുമ്പോൾ സ്റ്റേഡിയം ആവേശത്താൽ ഇളകി മറിഞ്ഞു. അത്രമേൽ മനോഹരമായിരുന്നു ആ ഗോൾ.. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളുമാണിത്. ലോകകപ്പിലെ മെസ്സിയുടെ ഒന്‍പതാം ഗോളാണിത്.
കളിപ്പിച്ചും കളിപ്പിച്ചും മെസി: രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസ്സി വീണ്ടും ഓസ്‌ട്രേലിയന്‍ ബോക്‌സിലേക്ക് ഇരച്ചെത്തി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ റയാന്‍ അത് കയ്യിലൊതുക്കി. 53-ാം മിനിറ്റില്‍ ഒട്ടമെന്‍ഡി ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് മൈനസ് നല്‍കിയെങ്കിലും പിഴച്ചു. ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂക്ക് കയറിവന്നെങ്കിലും മാര്‍ട്ടിനെസ് അപകടം ഒഴിവാക്കിയതോടെ അർജന്‍റീനയ്‌ക്ക് ആശ്വാസം..
പിന്നാലെ മഞ്ഞക്കുപ്പായാക്കാരെ ഞെട്ടിച്ചുകൊണ്ട് അർജന്‍റീന ലീഡ് ഇരട്ടിയാക്കി. ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58-ാം മിനിറ്റിൽ അൽവാരസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാർ പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചതോടെ ഡി പോള്‍ നടത്തിയ ഇടപെടലാണ് അല്‍വാരസിന്‍റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. ഈ തക്കത്തില്‍ പന്ത് റാഞ്ചിയ അല്‍വാരസ് പോസ്റ്റിലേക്ക് ചെത്തിയിട്ടു. തകര്‍പ്പന്‍ ഫിനിഷ്. ഇതോടെ അര്‍ജന്റീന വിജയം ഏകദേശം അരക്കെട്ടുറപ്പിച്ചു.
നിമിഷങ്ങൾക്കകം സോക്കറൂസിന്‍റെ പ്രതിരോധം ഭേദിച്ച മെസിയുടെ തകർപ്പൻ ഡ്രിബ്ലിങ് മത്സരത്തിലെ സുന്ദര നിമിഷങ്ങളിലൊന്നായിരിന്നു. എന്നാല്‍ മെസ്സിയെയും കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയ ഒരു ഗോള്‍ മടക്കി. 77-ാം മിനിറ്റില്‍ ഗുഡ്‌വിന്‍റെ ലോങ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്ലക്ഷനില്‍ വലയിലെത്തി. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ.
ഒരു ഗോൾ തിരിച്ചടിച്ച കങ്കാരുപ്പട കൂടുതൽ ആക്രമണങ്ങളുമായി അർജന്‍റീനൻ ഗോൾമുഖം വിറപ്പിച്ചു. 89-ാം മിനിറ്റിലും അധിക സമയത്തും ലൗറ്റാറോ മാർട്ടിനസിന്‍റെ ശ്രമങ്ങൾ ഗോളിൽ നിന്നും അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങാൻ മിനിറ്റുകൾ ബാക്കി നിൽക്കെ മെസിയുടെ സുന്ദരമായ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.. അവസാന നിമിഷം ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചെത്തിയതോടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ലിസാൻഡ്രോയും രക്ഷയ്‌ക്കെത്തി.. മത്സരം കഴിഞ്ഞപ്പോൾ അർജന്‍റീന ക്വാർട്ടറിലേക്കും....