ഭുവനേശ്വര്‍ : ഫിഫ ലോകകപ്പ് യോഗ്യതയ്‌ക്കായുള്ള (FIFA World Cup Qualifier) രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഇന്ന് വീണ്ടും കളത്തിലേക്ക്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ് എതിരാളി (FIFA World Cup 2026 Qualifier India vs Qatar preview). ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തില്‍ കുവൈത്തിനെ അവരുടെ മണ്ണില്‍ കീഴടക്കിയ ആത്മവിശ്വാസവുമായാണ് സുനില്‍ ഛേത്രിയും (Sunil Chhetri) സംഘവും ഇറങ്ങുന്നത്. കുവൈത്തിനെതിരെ മന്‍വീര്‍ സിങ് നേടിയ ഒരൊറ്റ ഗോളിലായിരുന്നു ഇന്ത്യ വിജയിച്ച് കയറിയത്. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വിദേശമണ്ണില്‍ ജയത്തിനായുള്ള 22 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനായിരുന്നു ബ്ലൂ ടൈഗേഴ്‌സ് അറുതി വരുത്തിയത്.
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള രാജ്യമാണ് ഖത്തര്‍. കഴിഞ്ഞ ലോകകപ്പിന് ആതിഥേയരായിരുന്ന ഖത്തര്‍ നിലവിലെ ഫിഫ റാങ്കിങ്ങില്‍ 61-ാമതുള്ളപ്പോള്‍ 102-ാം റാങ്കിലാണ് ഇന്ത്യയുടെ സ്ഥാനം (India FIFA Rankings ). എന്നാല്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ ഖത്തറിനെ നേരിടുന്നത് ഇന്ത്യയ്‌ക്ക് ഊര്‍ജ്ജം പകരും. ചരിത്രത്തില്‍ ഇതുവരെ മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഖത്തറിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല (India vs Qatar Head to Head).
1996 ലെ ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. അന്ന് ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് ഖത്തര്‍ കളിപിടിച്ചു. 2019-ലായിരുന്നു അടുത്ത പോരാട്ടം നടന്നത്. അന്ന് ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. 2021-ലായിരുന്നു അവസാന ഏറ്റുമുട്ടലുണ്ടായത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം ഖത്തറിനൊപ്പം നിന്നു. ഇത്തവണ കലിംഗയില്‍ ആര് ജയിച്ച് കയറുമെന്ന് കാത്തിരുന്ന് തന്നെ കാണാം..