ദോഹ: ഫിഫ ലോകകപ്പില്‍ ജര്‍മനി സ്‌പെയിന്‍ ആവേശപ്പോരാട്ടം സമനിലയില്‍. സ്‌പാനിഷ് പടയുടെ ടിക്കി ടാക്ക തന്ത്രത്തിന് ജര്‍മനി കട്ടപ്രതിരോധം തീര്‍ത്ത മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരുവരും പിരിഞ്ഞത്. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ അല്‍വാരോ മൊറാട്ടയിലൂടെ ആദ്യ ഗോള്‍ നേടിയ സ്‌പെയിന് മറുപടി നല്‍കിയത് ജര്‍മനിയുടെ നിക്ലാസ് ഫുള്‍ക്രഗ് ആയിരുന്നു.
ആദ്യ മത്സരം ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ജര്‍മനിക്ക് ഈ സമനില ആശ്വാസം പകരുന്നതാണ്. തുല്യശക്തികളുടെ പോരാട്ടത്തില്‍ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ സ്പെയിന്‍ തന്നെയാണ് ഒന്നാമത്. ഒരു പോയിന്‍റുള്ള ജര്‍മനി അവസാന സ്ഥാനത്തും.
തന്ത്രത്തിന് മറു തന്ത്രം: ഒന്നാം പകുതിയില്‍ ജര്‍മന്‍ താരങ്ങളുടെ ആത്മവിശ്വാസക്കുറവ് നന്നേ പ്രകടമായിരുന്നു. ഇത് മുതലെടുത്ത സ്‌പാനിഷ് പട തുടക്കം മുതല്‍ തന്നെ പ്രസിങ് ഗെയിം പുറത്തെടുത്തു. ഇതിനെ തുടര്‍ന്ന് നാലാം മിനിട്ടില്‍ തന്നെ ജര്‍മനിയെ വിറപ്പിച്ച അവസരവും സ്പാനിഷ് പടക്ക് കിട്ടി.
പെഡ്രി, ഗാവി, അസന്‍സിയോ എന്നിവര്‍ ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഡാനി ഓള്‍മോയ്‌ക്ക് ഷോട്ടെടുക്കാന്‍ അവസരം ഒരുക്കി. കിടിലന്‍ ഒരു ഷോട്ട് ഓള്‍മോ പായിച്ചെങ്കിലും ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ അത് പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സ്പെയിനിന്‍റെ പാസിങ് ഗെയിമിന് അതിവേഗ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെയായിരുന്നു ജര്‍മനിയുടെ മറുപടി.
ആദ്യ പകുതിയില്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്‌ടിച്ചെടുത്തത് സ്‌പെയിനായിരുന്നു. എന്നാല്‍ അത് കൃത്യമായി ഗോള്‍ വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. 39ാം മിനിട്ടില്‍ ജര്‍മനി സ്‌പാനിഷ് പടയെ ഞെട്ടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.
അടിക്ക് തിരിച്ചടി: ജയിക്കാനുറച്ചായിരുന്നു ഇരു ടീമും രണ്ടാം പകുതിയിലിറങ്ങിയത്. തുടക്കം മുതല്‍ തന്നെ ഇരു ബോക്സുകളിലും മുന്നേറ്റങ്ങള്‍. ഒരു തോല്‍വി നാട്ടിലേക്കുള്ള മടക്കയാത്ര ഉറപ്പാക്കും എന്നതിനാല്‍ ജര്‍മനി ഹൈ പ്രസിങ് ഗെയിമിലേക്ക് തിരിഞ്ഞു.
എന്നാല്‍ അവരുടെ ഈ നീക്കങ്ങള്‍ക്ക് അതിവേഗ പാസിങ് ആയിരുന്നു സ്‌പാനിഷ് പടയുടെ മറുപടി. വിങ്ങിലൂടെയുള്ള സ്‌പെയിനിന്‍റെ ആക്രമണങ്ങളെല്ലാം ബോക്സില്‍ ജര്‍മന്‍ പ്രതിരോധ കോട്ട തടഞ്ഞു. 56ാം മിനിട്ടില്‍ സിമോണിന്‍റെ പിഴവ് വീണ്ടും സ്‌പാനിഷ് പടയ്‌ക്ക് തിരിച്ചടിയാകുമെന്ന് തോന്നിച്ച നിമിഷം.
സിമോണിന്‍റെ പിഴവ് മുതലാക്കി കൃത്യം പോസ്‌റ്റിലേക്ക് ഷോട്ട് കിമ്മിച്ച് പായിച്ചു. എന്നാല്‍ തന്‍റെ തെറ്റിന് പ്രായശ്ചിത്തം എന്നപോലെ പറക്കും സേവിലൂടെ ബോള്‍ തട്ടിയകറ്റി സിമോണ്‍ രക്ഷകനായി. ഇതിനിടെ ഫെറാനെ പിന്‍വലിച്ച എൻറിക്വ മൊറാട്ടയെ കളത്തിലിറക്കിയിരുന്നു.
ഈ നീക്കത്തിന് 62ാം മിനിട്ടില്‍ തന്നെ മൊറാട്ട പ്രതിഫലവും നല്‍കി. ഇടത് വിങ്ങില്‍ നിന്ന് ആല്‍ബ നല്‍കിയ ലോ ക്രോസ് കെഹറിന്‍റെ പ്രതിരോധത്തെ മറികടന്ന് മൊറാട്ട വലയിലെത്തിച്ചു. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ലിറോയ് സാനെയും ഫുള്‍ക്രുഗിനെയും കളത്തിലിറക്കി ജര്‍മന്‍ പരിശീലകന്‍ ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി.
പിന്നെ കളം നിറഞ്ഞ് കളിക്കുന്ന പീരങ്കിപ്പടെയയാണ് മൈതാനത്ത് കണ്ടത്. സ്‌പാനിഷ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്തായിരുന്നു ജര്‍മനി സമനില ഗോള്‍ നേടിയത്. 83ാം മിനിട്ടില്‍ നിക്ലാസ് ഫുള്‍ക്രഗ് തൊടുത്ത് വിട്ട ഒരു പവര്‍ ഷോട്ടിന് മറുപടി നല്‍കാന്‍ സിമോണിന് സാധിച്ചില്ല. ഇഞ്ചുറി ടൈമിലും വിജയ ഗോളിനായി ജര്‍മ്മനി ശ്രമിച്ചെങ്കിലും ഒരു സമനില കൊണ്ട് അവര്‍ക്ക് തൃപ്‌തിപ്പെടേണ്ടി വന്നു.