ഖത്തർ : ഫിഫ ലോകകപ്പിൽ സെനഗലിനോട് തോൽവി വഴങ്ങി ആതിഥേയരായ ഖത്തർ പുറത്തേക്ക്. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്‍റെ തോൽവി. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനത്തോടെ സെനഗലിനെ ഞെട്ടിച്ചാണ് ഖത്തർ തോൽവി വഴങ്ങിയത്. കൂടാതെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളും ഖത്തർ മത്സരത്തിലൂടെ സ്വന്തമാക്കി. മുഹമ്മദ് മുൻടാരിയാണ് ഖത്തറിന്‍റെ ചരിത്ര ഗോൾ നേടിയത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് സെനഗൽ മുന്നേറിയത്. നിരന്തരം ഖത്തർ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയ സെഗനൽ പടയെ പിടിച്ചുകെട്ടാൻ ഖത്തർ നന്നേ പാടുപെട്ടു. ആദ്യ 30 മിനിട്ടിനുള്ളിൽ തന്നെ നിരവധി അവസരങ്ങളാണ് സെനഗല്‍ സൃഷ്‌ടിച്ചത്. പക്ഷേ അവയിൽ നിന്നെല്ലാം തലനാരിഴയ്‌ക്ക് ഖത്തർ രക്ഷപ്പെടുകയായിരുന്നു.
എന്നാൽ 41-ാം മിനിട്ടിൽ സ്റ്റേഡിയത്തെ നിശബ്‌ദമാക്കിക്കൊണ്ട് സെനഗൽ തങ്ങളുടെ ആദ്യ ഗോൾ നേടി. മുന്നേറ്റ താരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധ താരം ഖൗക്കിയുടെ പിഴവ് മുതലെടുത്ത ഡിയ അനായാസം പന്ത് പോസ്റ്റിനുള്ളിലെത്തിക്കുകയായിരുന്നു. ഇതോടെ സെനഗലിന്‍റെ ഒരു ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിട്ടുകൾക്കുള്ളിൽ രണ്ടാം ഗോളും നേടി സെനഗൽ ഖത്തറിനെ വീണ്ടും ഞെട്ടിച്ചു. ഫമാറ ഡൈഡ്‌ഹിയോവുവാണ് സെനഗലിന്‍റെ രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ വഴങ്ങിയതോടെ പ്രതിരോധിച്ച് കളിച്ചുകൊണ്ടിരുന്ന ഖത്തർ ആക്രമിച്ച് കളിക്കാനാരംഭിച്ചു. ഇതിന്‍റെ ഫലം 78-ാം മിനിട്ടിൽ ടീമിന് ലഭിച്ചു. തകർപ്പനൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് മുൻടാരി ഖത്തറിന്‍റെ ചരിത്ര ഗോൾ സ്വന്തമാക്കി.
എന്നാൽ ഗോൾ ആഘോഷം അവസാനിക്കുന്നതിന് മുന്നേ തന്നെ സെനഗൽ തിരിച്ചടിച്ചു. 84-ാം മിനിട്ടിൽ പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിന്‍റെ മൂന്നാം ഗോൾ നേടിയത്. രണ്ടാമതൊരു ഗോളിനായി ഖത്തർ ശ്രമിച്ചെങ്കിലും സെനഗൽ പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഖത്തർ പരാജയപ്പെട്ടത്.