ദോഹ :ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ അര്‍ജന്‍റീന കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ നേരിടും. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആദ്യമായി സെമി കളിക്കാനെത്തുന്ന മൊറോക്കോയാണ് എതിരാളികള്‍. ഡിസംബര്‍ 13,14 തീയതികളിലായാണ് മത്സരം. യൂറോപ്പില്‍ നിന്ന് രണ്ട് ടീമുകളും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീമുമാണ് ഇക്കുറി അവസാന നാലില്‍ ഇടം പിടിച്ചത്.
നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്താണ് അര്‍ജന്‍റീന അവസാന നാലില്‍ ഇടം പിടിച്ചത്. ഷൂട്ടൗട്ടിലായിരുന്നു മെസിപ്പടയുടെ വിജയം. മറുവശത്ത് രണ്ട് ഷൂട്ടൗട്ട് വിജയം നേടിയാണ് ക്രൊയേഷ്യ സെമിഫൈനല്‍ പോരിനിറങ്ങുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനും, ക്വാര്‍ട്ടറില്‍ ബ്രസീലുമാണ് ക്രൊയേഷ്യക്ക് മുന്നില്‍ വീണത്. കഴിഞ്ഞ ലോകകപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടപ്പെട്ട കിരീടം ഇക്കുറി സ്വന്തമാക്കുകയാകും ലൂക്കാ മോഡ്രിച്ചിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 12:30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സിന്‍റെ വരവ്. കരുത്തരായ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ 2-1ന് തകര്‍ത്താണ് ഫ്രഞ്ച് പട അവസാന നാലിലേക്ക് മുന്നേറിയത്. മറുവശത്ത് ലോകകപ്പ് ചരിത്രത്തില്‍ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയാണ് ഫ്രാന്‍സിന് എതിരാളി.
ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലാണ് ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ വീണത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനെ നാട്ടിലേക്ക് മടക്കിയ മൊറോക്കോ ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തോടും വിജയം സ്വന്തമാക്കിയിരുന്നു. അല്‍ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 14ന് രാത്രി ഇന്ത്യന്‍ സമയം 12:30 നാണ് ഫ്രാന്‍സ് മൊറോക്കോ പോരാട്ടം.