ദോഹ:ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനക്കെതിരെ അട്ടിമറി ജയവുമായി സൗദി അറേബ്യ. അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ അർജന്‍റീനക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് സൗദി സ്വന്തമാക്കിയത്. അർജന്‍റീനക്കായി പെനാൽറ്റിയിലൂടെ ലയണൽ മെസി ഗോൾ നേടിയപ്പോൾ, സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവർ നേടിയ ഗോളുകൾ സൗദി അറേബ്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അർജന്‍റീനയുടെ 36 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് കൂടിയാണ് ഈ മത്സരത്തിലൂടെ സൗദി തടയിട്ടത്.
മെസി അവതരിച്ചു: മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീനയാണ് ആക്രമിച്ച് കളിച്ചതെങ്കിലും മത്സരത്തിന്‍റെ ഒടുക്കം വിജയം സൗദി അറേബ്യയുടെ കൈകളിലായിരുന്നു. പന്തടക്കത്തിലും, പാസുകളിലും അർജന്‍റീന മുന്നിട്ട് നിന്നുവെങ്കിലും വിജയം മാത്രം പിടിച്ചെടുക്കാൻ സാധിച്ചില്ല. മത്സരത്തിന്‍റെ 10-ാം മിനിട്ടിൽ മെസിയിലൂടെയാണ് അർജന്‍റീന ആദ്യ ഗോൾ സ്വന്തമാക്കിയത്. പരേഡസിനെ അൽ ബുലാഹി ബോക്‌സിൽ വീഴ്‌ത്തിയതിനെത്തുടർന്ന് വീണുകിട്ടിയ പെനാൽറ്റി യാതൊരു പിഴവും കൂടാതെ സൗദി ഗോളിയെ നിഷ്‌പ്രഭനാക്കി മെസി വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.
ഓഫ് സൈഡ് കെണി: ആദ്യ ഗോളിന് ശേഷവും ആക്രമണം തുടർന്ന അർജന്‍റീന 22, 28, 34 മിനിട്ടുകളിലും വല കുലുക്കിയിരുന്നു. എന്നാൽ ഇവ മൂന്നും ഓഫ്‌സൈഡുകളായി മാറുകയായിരുന്നു. അല്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ അർജന്‍റീന നാല് ഗോളുകൾക്ക് മുന്നിലെത്തുമായിരുന്നു. ഇതോടെ ഒരു ഗോൾ ലീഡുമായി അർജന്‍റീന ആദ്യ പകുതി അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിലെ ട്വിസ്‌റ്റുകൾ അക്ഷരാർഥത്തിൽ ഫുട്‌ബോൾ ലോകത്തെയാകെ ഞെട്ടിക്കുന്നവയായിരുന്നു.