ഖത്തർ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരങ്ങളിൽ വിജയത്തോടെ ദക്ഷിണകൊറിയയും, തോൽവിയോടെ പോർച്ചുഗലും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. പോർച്ചുഗലിന് എതിരായ മത്സരത്തില്‍ ദക്ഷിണകൊറിയ അട്ടിമറി വിജയം നേടിയതോടെ ഉറുഗ്വായ് ലോകകപ്പിൽ നിന്ന് പുറത്തായി.
ഘാനക്കെതിരെ രണ്ട് ഗോളിന്‍റെ വിജയം നേടിയെങ്കിലും ഗോൾ ശരാശരിയിൽ ദക്ഷിണ കൊറിയ ഉറുഗ്വയെ പിന്നിലാക്കുകയായിരുന്നു. ഗ്രൂപ്പിൽ ആറ് പോയിന്‍റുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്തും, നാല് പോയിന്‍റുമായി ദക്ഷിണകൊറിയ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.
കൊറിയയുടെ അട്ടിമറി: തുടക്കം മുതൽ തന്നെ ആക്രമണത്തോടെയാണ് കൊറിയയ്‌ക്കെതിരെ പോർച്ചുഗൽ മത്സരം ആരംഭിച്ചത്. ഇതിന്‍റെ ഫലമായി അഞ്ചാം മിനിട്ടിൽ തന്നെ ടീം മുന്നിലെത്തി. ഡീഗോ ഡാലോ ബോക്‌സിലേക്ക് നൽകിയ പന്ത് മനോഹരമായി റികാര്‍ഡോ ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് സമനില ഗോളിനായി ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. തൊട്ടുപിന്നാലെ 18-ാം മിനിട്ടിൽ കൊറിയ വല കുലുക്കിയെങ്കിലും അത് ഓഫ്‌സൈഡായി മാറി.
പിന്നാലെ 27-ാം മിനിട്ടിൽ തകർപ്പനൊരു ഗോളുമായി ദക്ഷിണ കൊറിയ സമനില പിടിച്ചു. കോർണറിൽ നിന്ന് ലഭിച്ച പന്ത് അനായാസം വലയിലെത്തിച്ച് കിം യങ് ഗ്വാണാണ് ദക്ഷിണ കൊറിയയ്‌ക്ക് ശ്വാസം നൽകിയത്. മത്സരം സമനിലയിലായതോടെ ലീഡ് നേടുന്നതിനായി ഇരുടീമുകളും പരസ്‌പരം ആക്രമിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്ക് 29-ാം മിനിട്ടിൽ റൊണാൾഡോയുടെ ഗോൾ ശ്രമം ഗോൾ കീപ്പർ തട്ടിയകറ്റി. ഇതോടെ ആദ്യ പകുതി ഇരു ടീമുകളും 1-1 എന്ന സ്‌കോറിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും ഇരു ടീമുകളും വിജയ ഗോളിനായി ആക്രമണത്തോടെയാണ് മുന്നേറിയത്. ഇരുടീമുകളും കൃത്യമായ മുന്നേറ്റങ്ങളുമായി ഗോൾ മുഖത്തെത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൊറിയ രണ്ടാം ഗോൾ നേടി. ഹവാങ് ഹീ ചാന്‍റെ വകയായിരുന്നു ഗോൾ. ഈ ഗോളോടെ തോൽവി വഴങ്ങിയത് പോർച്ചുഗലാണെങ്കിലും നെഞ്ച് തകർന്നത് യുറുഗ്വായുടേതായിരുന്നു.
വിജയിച്ചെങ്കിലും പുറത്തേക്ക്: മറുവശത്ത് പ്രീക്വാർട്ടർ സാധ്യതകൾക്കായി വിജയം അനിവാര്യമായിരുന്ന ഘാനയുടെ പ്രതീക്ഷകളെല്ലാം തട്ടിയകറ്റിക്കൊണ്ട് ഉറുഗ്വായ് വിജയം നേടിയെങ്കിലും പ്രീക്വാർട്ടർ സ്വപ്‌നങ്ങൾ തല്ലി തകർത്ത് ദക്ഷിണ കൊറിയ വില്ലനായെത്തുകയായിരുന്നു. ഇരട്ടഗോളുകൾ നേടിയ ജോർജിയൻ ഡി അരാസ്‌കെയറ്റയുടെ മികവിലാണ് ഉറുഗ്വായ് ജയം പിടിച്ചെടുത്തത്. 26, 32 മിനിട്ടുകളിലായിരുന്നു താരത്തിന്‍റെ ഗോൾ നേട്ടം. ഇതിനിടെ ഗോൾ നേടാൻ കിട്ടിയ സുവർണാവസരമായ പെനാൽറ്റി നായകൻ ആൻഡ്രെ ആയു നഷ്‌ടപ്പെടുത്തിയതും ഘാനക്ക് തിരിച്ചടിയായി.
പതിഞ്ഞ താളത്തോടെയാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്. 16-ാം മിനിട്ടിൽ ഘാനയാണ് മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത്. ജോര്‍ദാന്‍ ആയു പന്ത് കട്ട് ചെയ്ത് ബോക്‌സിനകത്തേക്ക് കയറി അടിച്ച ഷോട്ട് ഉറുഗ്വായ് ഗോളി സെര്‍ജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും ഉറുഗ്വായുടെ രക്ഷയ്‌ക്കെത്തി. എന്നാല്‍ ഇതിനു പിന്നാലെ വാര്‍ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
പക്ഷേ പെനാൽറ്റി എടുത്ത നായകൻ ആൻഡ്രെ ആയുവിന് പിഴച്ചു. കീപ്പാർ റോഷെറ്റ് വീണ്ടും ഉറുഗ്വായുടെ രക്ഷകനായെത്തി. പിന്നാലെ 26-ാം മിനിട്ടിൽ ഉറുഗ്വായ് ആദ്യ ഗോൾ നേടി. സുവാരസിന്‍റെ ഷോട്ട് ഘാന ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും തൊട്ടുപിന്നാലെയെത്തിയ ജോർജിയൻ ഡി അരാസ്‌കേറ്റ അനായാസം ഹെഡ് ചെയ്‌ത് ഗോൾ പോസ്റ്റിനുള്ളിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ 32-ാം മിനിട്ടിൽ ഉറുഗ്വായ് രണ്ടാം ഗോളും നേടി. അരാസ്‌കേറ്റയാണ് ഉറുഗ്വായുടെ രണ്ടാം ഗോൾ നേടിയത്.