ദോഹ: സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി പെനാൽറ്റി നഷ്‌ടമാക്കിയ മത്സരത്തിൽ മെക്‌സിക്കോക്കെതിരായ മത്സരത്തിൽ സമനില വഴങ്ങി പോളണ്ട്. ആക്രമണവും പ്രത്യാക്രമണവും ഗോൾ കീപ്പർമാരുടെ മികവും കണ്ട മത്സരത്തില്‍ 90 മിനുറ്റുകളിലും ഏഴ് മിനുറ്റ് അധികസമയത്തും ഗോൾ മാത്രം അകന്നുനിന്നു. മെക്‌സിക്കൻ ഗോൾകീപ്പർ ഒച്ചാവോയാണ് ടീമിനെ രക്ഷിച്ചത്. പോളിഷ് ഗോൾകീപ്പർ മികവും എടുത്തുപറയേണ്ടതാണ്.
മെക്‌സിക്കോ 4-3-3 ശൈലിയിലും പോളണ്ട് 4-5-1 ഫോർമേഷനിലുമാണ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഇത്തിരി ഭേദപ്പെട്ട പ്രകടനം മെക്‌സിക്കോയിൽ നിന്ന് ആണ് ഉണ്ടായതെങ്കിലും അതെല്ലാം പോളിഷ് പ്രതിരോധത്തിൽ തട്ടി മടങ്ങുകയായിരുന്നു. രണ്ടാം പകുതിയിൽ ലൊസാനോയുടെ ഗോൾശ്രമം ചെസ്നിയുടെ കരങ്ങളിലൊതുങ്ങി.
തുടർന്ന് 57-ാം മിനുറ്റിൽ മുന്നിലെത്താനുള്ള സുവർണാവസരം നായകൻ റോബർട്ട് ലെവൻഡോസ്‌കി പാഴാക്കിയത് പോളണ്ടിന് തിരിച്ചടിയായി. മെക്‌സിക്കൻ വണ്ടർ ഗോൾകീപ്പർ ഗ്യുല്ലർമോ ഒച്ചാവോ തന്‍റെ ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്‌ത് കിക്ക് രക്ഷപ്പെടുത്തുകയായിരുനന്നു. ലെവൻഡോസ്‌കിയെ ബോക്‌സിൽ വീഴ്ത്തിയതിന് വാർ പരിശോധനയിലാണ് പെനൽറ്റി കിക്ക് വിധിച്ചത്.
അതേസമയം നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന സൗദി അറേബ്യക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. രണ്ടാം മത്സരത്തില്‍ പോളണ്ടും മെക്‌സികോയും സമനിലയില്‍ പിരിയുകയും ചെയ്‌തതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായി. മൂന്ന് പോയിന്‍റുമായി സൗദിയാണ് ഒന്നാം സ്ഥാനത്ത്. പോളണ്ട് മെക്‌സിക്കോ ടീമുകൾ ഓരോ പോയിന്‍റും നേടി.