ദോഹ :അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ദൗര്‍ബല്യം തങ്ങള്‍ക്ക് അറിയാമെന്ന വെളിപ്പെടുത്തലുമായി ഡച്ച് പരിശീലകന്‍ ലൂയി വാന്‍ ഗാല്‍. എതിരാളികള്‍ പന്ത് കൈവശംവയ്‌ക്കുമ്പോള്‍ മെസി അത് തിരികെ പിടിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്താറില്ലെന്നാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വ്യക്തമാക്കിയത്. അതേസമയം ലോക ഫുട്‌ബോളില്‍ അപകടകാരിയായ താരമാണ് മെസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഭാവനാസമ്പന്നനും ഏറ്റവും അപകടകാരിയുമായ ഒരു താരമാണ് മെസി. ഒരു മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. കൂടാതെ എതിര്‍ഗോള്‍ വല കുലുക്കാനും മെസിക്ക് കഴിവുണ്ട്.
എന്നാല്‍ എതിരാളികള്‍ പന്ത് കൈവശപ്പെടുത്തുമ്പോള്‍ അദ്ദേഹം മത്സരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താറില്ല. ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ്' - വാന്‍ഗാല്‍ പറഞ്ഞു.
ലയണല്‍ മെസിയും തങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണെന്നായിരുന്നു നെതര്‍ലന്‍ഡ്‌സ് ഗോള്‍ കീപ്പര്‍ ആന്ദ്രീസ് നോപ്പര്‍ട്ടിന്‍റെ പ്രതികരണം. തെറ്റുകള്‍ മെസിക്കും സംഭവിക്കും, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അത് നമ്മള്‍ കണ്ടതാണ്. ഓരോ കാര്യങ്ങളും ഓരോ സമയത്തെ ആശ്രയിച്ചാണ് സംഭവിക്കുന്നതെന്നും ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കവെ നോപ്പര്‍ട്ട് വ്യക്തമാക്കി.
അതേസമയം അര്‍ജന്‍റീന മികച്ച ടീം ആണെന്നായിരുന്നു ഓറഞ്ച് പടനായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്കിന്‍റെ അഭിപ്രായം. അര്‍ജന്‍റീന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഒരു ടീമാണ്. വ്യക്തമായ പദ്ധതിയും ആസൂത്രണവും ഉണ്ടെങ്കില്‍ മാത്രമേ അവരെ മറികടക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 10ന് നടക്കുന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലാണ് അര്‍ജന്‍റീനയും, നെതര്‍ലന്‍ഡ്‌സും മുഖാമുഖം വരുന്നത്. പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ഓസ്‌ട്രേലിയയെ തകര്‍ത്താണ് മെസിയും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. യുഎസ്‌എയ്‌ക്കെതിരെയുള്ള വിജയത്തോടെയാണ് ഡച്ച് പട അവസാന എട്ടിലേക്ക് മുന്നേറിയത്.