ഖത്തർ : ഖത്തര്‍ ലോകകപ്പില്‍ നിന്നും സ്പെയിനിന് മടക്ക ടിക്കറ്റ് നല്‍കി മൊറോക്കോ. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും സ്പെയിനിന് വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 3-0നാണ് മൊറോക്കോ മത്സരം പിടിച്ചത്.
ഗോള്‍ വലയ്‌ക്ക് മുന്നില്‍ തിളങ്ങിയ യാസിൻ ബോണോ മൊറോക്കോയുടെ ഹീറോയായി. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. വിജയത്തോടെ 1998ല്‍ നൈജീരിയക്കുശേഷം ലോകകപ്പില്‍ സ്‌പെയിനിനെ തോല്‍പ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യം കൂടിയായി മൊറോക്കോ മാറി.
ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ മാത്രം ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറോക്കോ. കാമറൂണ്‍ (1990 ), സെനഗല്‍ (2002), ഘാന (2010) എന്നീ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. അതേസമയം 2018ലെ ലോകകപ്പിലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. കരുത്തരായ സ്‌പെയിനിനെ നേരിടുന്നതിന്‍റെ ഭയമേതുമില്ലാതെ പന്തുതട്ടിയ മൊറോക്കോ ചില ഘട്ടങ്ങളിൽ സ്‌പെയിനിന് ഹാർട്ട് അറ്റാക്ക് നൽകുന്ന മുന്നേറ്റങ്ങളാണ് നടത്തിയത്. സ്‌പെയിനിനെ വിറപ്പിച്ചുകൊണ്ടാണ് മത്സരത്തിലുടനീളവും മൊറോക്കോ പന്ത് തട്ടിയത്.
പതിവ് പോലെ പന്തടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌പെയിൻ കളിച്ചപ്പോള്‍ ആക്രമണമായിരുന്നു മൊറോക്കോയുടെ പദ്ധതി. ഇരുടീമുകളും 4-3-3 ശൈലിയിലാണ് കളത്തിലേക്കിറങ്ങിയത്. ഇതോടെ ആദ്യ പകുതിതന്നെ ആവേശോജ്വലമായി. 27-ാം മിനിട്ടിൽ സ്‌പെയിനാണ് മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത്.