ദോഹ :ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് യൂറോപ്യന്‍ തന്ത്രങ്ങളുടെയും ആഫ്രിക്കന്‍ കരുത്തിന്‍റെയും പോരാട്ടം. ജയിക്കാനുറച്ച് പോര്‍ച്ചുഗലും, അട്ടിമറി മോഹവുമായി മൊറോക്കോയും പോരടിക്കും. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് മത്സരത്തിന്‍റെ കിക്കോഫ്.
പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1ന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് പറങ്കിപ്പട ഇന്നിറങ്ങുന്നത്. മറുവശത്ത് സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മൊറോക്കോയുടെ വരവ്. അവസാന എട്ടില്‍ നിന്ന് നാലിലേക്ക് മുന്നേറാന്‍ ഇരു കൂട്ടരും ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടം ഉറപ്പാണ്.
പറങ്കിപ്പടയുടെ വിജയമന്ത്രം :പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് യാത്രയില്‍ പരിശീലകന്‍ സാന്‍റോസിന്‍റെ തന്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായെത്തിയ റാമോസ് ഫോം കണ്ടെത്തിയത് ടീമിനും പരിശീലകനും ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ആശ്രയിച്ചിരുന്ന രീതിയില്‍ നിന്നും ടീം അടിമുടി മാറിയിട്ടുണ്ട്.
ബ്രൂണോ ഫെര്‍ണാണ്ടസ്, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ് എന്നിവര്‍ അവസരം സൃഷ്‌ടിക്കാനും ഗോളടിക്കാനും കഴിവുള്ള താരങ്ങളാണ്. കൂടാതെ റാഫേല്‍ ലിയാവോയെപ്പോലെയുള്ള താരങ്ങളും പറങ്കിപ്പടയുടെ ബഞ്ചിലുണ്ട്. മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വ, ഒറ്റാവിയോ, വില്യം കാര്‍വാലിയ ത്രയവും ശക്തമാണ്. 39കാരന്‍ പെപ്പെയ്‌ക്കൊപ്പം 25കാരന്‍ റൂബന്‍ ഡയസും അണിനിരക്കുന്ന പ്രതിരോധക്കോട്ടയിലും പഴുതുകളില്ല.
കരുത്ത് കാട്ടിയ പറങ്കിപ്പട :ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഘാനയെ 3-2ന് പരാജയപ്പെടുത്തിയ ടീം രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ സൗത്ത് കൊറിയയോട് പറങ്കിപ്പട തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ടീമിന്‍റെ തോല്‍വി.
പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് പറങ്കിപ്പട അവസാന എട്ടിലേക്ക് കുതിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ടീമിന്‍റെ വിജയം. മത്സരത്തില്‍ ഹാട്രിക്ക് അടിച്ച മുന്നേറ്റ നിര താരം ഗോണ്‍സാലോ റാമോസ് ആണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.