ഖത്തർ : വമ്പൻ താരനിരയുമായി ഖത്തറിനെ വിറപ്പിക്കാനെത്തിയ ബെൽജിയത്തിനെ തകർത്തെറിഞ്ഞ് മൊറോക്കോ. ലോകകപ്പിലെ മറ്റൊരു അട്ടിമറിക്ക് കൂടി സാക്ഷ്യം വഹിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ ബെൽജിയത്തെ കീഴടക്കിയത്. മത്സരത്തിലുടനീളം ബെൽജിയന്‍ കരുത്തിനൊപ്പം ശക്‌തമായി പിടിച്ചുനിന്ന മൊറോക്കോ അബ്‌ദുൾഹമീദ് സാബിരി(73), സക്കരിയ അബോക്ലാലിൻ (90+2) എന്നിവരിലൂടെയാണ് വിജയ ഗോളുകൾ നേടിയത്.
മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചത് ബെൽജിയമായിരുന്നുവെങ്കിലും ഗോൾ നേടുന്നതിൽ അവർക്ക് പിഴയ്‌ക്കുകയായിരുന്നു. ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും ഇടയ്‌ക്കിടെ മൊറോക്കോയുടെ ഗോൾ മുഖത്തെത്തി ബെൽജിയം ഭീഷണി മുഴക്കി. ഇതിനിടെ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ മൊറോക്കോ ബെല്‍ജിയത്തിന്‍റെ വലയില്‍ പന്തെത്തിച്ചെങ്കിലും വാറിലൂടെ ഗോളല്ലെന്ന് റഫറി വിധിക്കുകയായിരുന്നു. ഇതോടെ ഗോൾ രഹിത സമനിലയിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച് ഇരു ടീമുകളും പോരാടിയതോടെ മത്സരം ചൂടുപിടിച്ചു. പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് നീങ്ങിയ മൊറോക്കോയുടെ തന്ത്രം 73-ാം മിനിട്ടിൽ ഫലം കണ്ടു. അബ്ദുള്‍ഹമീദ് സാബിരിയുടെ മനോഹരമായൊരു ഫ്രീകിക്ക് ഗോളിയെ കബളിപ്പിച്ച് നേരിട്ട് വലയിലേക്ക് കയറുകയായിരുന്നു. ഈ ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ഗോളായിരുന്നു ഇത്.