ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുതിനുള്ള ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യക്കായി ജോസ്‌കോ ഗ്വാര്‍ഡിയോൾ, മിസ്ലാവ് ഓര്‍സിച്ച് എന്നിവർ ഗോളുകൾ നേടിയപ്പോൾ മൊറോക്കോയ്‌ക്കായി അഷ്‌റഫ് ഡാരി ഗോൾ നേടി.
മൂന്നാം സ്ഥാനത്തിന് വേണ്ടിയാണെങ്കിലും കടുത്ത പോരാട്ടമാണ് ഇരു ടീമുകളും മത്സരത്തിലുടനീളം കാഴ്‌ചവച്ചത്. കളി തുടങ്ങി ഏഴാം മിനിട്ടിൽ തന്നെ തകർപ്പനൊരു ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്‌സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ ആദ്യ ഗോളിന്‍റെ ആവേശം അടങ്ങുന്നതിന് മുന്നേ തന്നെ മറുപടി ഗോളുമായി മൊറോക്കോ എത്തി. ഒൻപതാം മിനിട്ടിൽ അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ഹക്കീം സിയെച്ചെടുത്ത ഒരു ഫ്രീ കിക്ക് ക്ലിയര്‍ ചെയ്തതില്‍ ക്രൊയേഷ്യന്‍ താരം ലോവ്‌റോ മയര്‍ വരുത്തിയ ചെറിയ പിഴവാണ് ഗോളിന് വഴിവച്ചത്. മയറുടെ തലയില്‍ തട്ടി ഉയര്‍ന്ന പന്ത് ക്രൊയേഷ്യന്‍ പോസ്റ്റിന് മുന്നിലേക്ക് എത്തിയ അവസരം മുതലെടുത്ത് ഡാരി ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
സമനിലയിലായതോടെ വീണ്ടും ഗോളിനായി ഇരുടീമുകളും ശ്രമിച്ചുകൊണ്ടിരുന്നു. പിന്നാലെ ക്രൊയേഷ്യ 42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ വീണ്ടും ലീഡെടുത്തു. മാര്‍ക്കോ ലിവായ നല്‍കിയ പന്തില്‍ നിന്നുള്ള ഓര്‍സിച്ചിന്‍റെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. സ്ഥാനം തെറ്റിനിന്ന മൊറോക്കൻ ഗോൾ കീപ്പറിന് പന്ത് ഗോൾവലക്കുള്ളിലെത്തുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ക്രോയേഷ്യ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും സമനില ഗോളിനായി മൊറോക്കോ ശ്രമിച്ചുകൊണ്ടിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വെച്ച് ക്രൊയേഷ്യൻ താരങ്ങളെ പ്രതിരോധത്തിലാക്കാൻ മൊറോക്കോയ്‌ക്കായി. പക്ഷേ ക്രൊയേഷ്യൻ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടാൻ മാത്രം അവർക്ക് സാധിച്ചില്ല. മത്സരത്തിന്‍റെ അവസാന മിനിട്ടുകളിലും നിരന്തരം ക്രോയേഷ്യൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും മറുപടി ഗോളെന്ന സ്വപ്‌നം മാത്രം ലോകകപ്പിലെ കറുത്ത കുതിരകൾക്ക് സ്വന്തമാക്കാനായില്ല.