ദോഹ:അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഗ്രൂപ്പ് സിയില്‍ ഇന്ന് മെക്‌സിക്കോയ്‌ക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്നോടിയായാണ് അര്‍ജന്‍റൈന്‍ പരിശീലകന്‍ അരാധകരുടെ ആശങ്ക അകറ്റിയത്. മെസിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
"ടീമിലെ മറ്റ് അംഗങ്ങളെപ്പോലെ ലിയോയും സുഖമായിരിക്കുന്നു. ഞങ്ങള്‍ക്ക് മുന്നിലുള്ളത് ഏറെ നിര്‍ണായകമായ ഒരു മത്സരമാണ്. അത് വിജയിക്കാനായി തങ്ങളുടെ ഏറ്റവും മികച്ചത് കളിക്കളത്തില്‍ നല്‍കണമെന്ന് യുവതാരങ്ങള്‍ക്ക് വരെ അറിയാം. എല്ലാം ഞങ്ങളുടെ കൈകളിലാണ്. അതിനാലാണ് ഞങ്ങള്‍ക്ക് കളിക്കളത്തില്‍ എല്ലാം നല്‍കേണ്ടി വരുന്നത്" - സ്‌കലോണി പറഞ്ഞു.
"അപ്രതീക്ഷിതമായ വീഴ്‌ചയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുമിച്ച് എഴുന്നേല്‍ക്കേണ്ടതായുണ്ട്. ഇനി വരാനിരിക്കുന്ന മത്സരത്തിലേക്ക് ശ്രദ്ധ കൊടുക്കണം. അതുമാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. ഒരുപാടുനാൾ നമുക്ക് എല്ലാം മികച്ചതായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവരുടേയും പിന്തുണ ഞങ്ങള്‍ക്ക് വേണം" - അര്‍ജന്‍റൈന്‍ പരിശീലകന്‍ വ്യക്തമാക്കി.