ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ കുതിപ്പില്‍ വലിയ പങ്കാണ് കൗമാര താരം ജൂഡ് ബെല്ലിങ്‌ഹാമിനുള്ളത്. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടറിലും 19കാരനായ ജൂഡ് ഇംഗ്ലണ്ടിന് നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജൂഡ് തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവില്ലെന്നാണ് ഫ്രഞ്ച് ഡിഫൻഡർ ദയോട്ട് ഉപമെക്കാനോ പറയുന്നത്.
ജര്‍മന്‍ ലീഗില്‍ ബയേണിന്‍റെ താരമായ ദയോട്ടും ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ മിഡ്‌ഫീല്‍ഡറായ ജൂഡും നേരത്തെ മുഖാമുഖം വന്നിട്ടുണ്ട്. ഇതിന്‍റെ വെളിച്ചത്തിലാണ് ദയോട്ടിന്‍റെ പ്രതികരണം.
"ഇംഗ്ലണ്ട് നിര ശക്തമാണ്. എന്നാല്‍ ജൂഡ് ബെല്ലിങ്‌ഹാം ഒരു ഭീഷണിയാണെന്ന് ഞാൻ പറയില്ല. അവനെ എനിക്ക് നന്നായി അറിയാം. ബുണ്ടെസ് ലീഗയിലെ ബയേൺ-ഡോർട്ട്മുണ്ട് മത്സരങ്ങള്‍ യുദ്ധമാണ്.
അവന്‍ മികച്ച കളിക്കാരനാണ്. യഥാർത്ഥ പ്രതിഭയുമുണ്ട്. എല്ലാ മത്സരങ്ങളും കളിക്കുന്നതിനാല്‍ മികച്ച അനുഭവവും നേടുന്നുണ്ട്. എന്നാല്‍ അവനെതിരെ പരിചയസമ്പന്നരായ താരങ്ങളെ ഞങ്ങള്‍ ആശ്രയിക്കും", ദയോട്ട് പറഞ്ഞു.
"ഇത് മിഡ്‌ഫീൽഡിൽ മികച്ച പോരാട്ടമാകുമെന്ന് ഞാൻ കരുതുന്നു. മിഡ്‌ഫീല്‍ഡില്‍ ഞങ്ങള്‍ പരിചയസമ്പന്നരായ അഡ്രിയൻ റാബിയോട്ടിനെയും ആന്‍റോയിൻ ഗ്രീസ്‌മാനെയും ഉപയോഗിക്കുകയും അവരെ ആശ്രയിക്കുകയും ചെയ്യും.
ഇംഗ്ലണ്ടിന് മത്സരത്തിന്‍റെ ഫലം മാറ്റിമറിയ്‌ക്കാനാവുന്ന കളിക്കാരും, നല്ല ബെഞ്ചുമുണ്ട്. എന്നാല്‍ ഏറ്റവും കുറഞ്ഞ പിഴവ് വരുത്തുന്ന ടീമാകും ഈ കളി വിജയിക്കുക", ദയോട്ട് വ്യക്തമാക്കി. ഡിസംബര്‍ 11 ഞായറാഴ്‌ച പുലര്‍ച്ച അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- ഫ്രാന്‍സ് മത്സരം നടക്കുക.
Also read:'കളിയൊക്കെ നല്ലതാണ്.. പക്ഷെ.. ഡാന്‍സ് നൈറ്റ് ക്ലബിൽ മതി'; ടിറ്റെയോട് കടുപ്പിച്ച് റോയ് കീൻ