ദോഹ :ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് നിലവിലെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യ എഷ്യന്‍ കരുത്തരായ ജപ്പാനെ നേരിടും. അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ രാത്രി 8:30 മുതലാണ് മത്സരം. തോല്‍വി അറിയാതെയെത്തുന്ന ക്രൊയേഷ്യയും മരണഗ്രൂപ്പില്‍ ചാമ്പ്യന്മാരായി മുന്നേറ്റം നടത്തിയ ജപ്പാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ലോകമാമാങ്ക വേദിയില്‍ ഇതിന് മുന്‍പ് രണ്ട് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 1998ല്‍ ക്രൊയേഷ്യ ജയം പിടിച്ചപ്പോള്‍ 2006ലെ മത്സരം സമനിലയിലാണ് കലാശിച്ചത്. അവസാന എട്ടില്‍ ഒരു സ്ഥാനം ലക്ഷ്യമിട്ട് ഇരു ടീമും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരഫലം പ്രവചനാതീതമാണ്.
വമ്പന്മാരെ കൊന്ന് കൊലവിളിച്ച ജപ്പാന്‍ : പ്രവചനങ്ങള്‍ അപ്പാടെ കാറ്റില്‍ പറത്തിയ ജപ്പാന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഖത്തറില്‍ ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച ജപ്പാന്‍, അവസാന മത്സരത്തില്‍ സ്‌പെയിനിനെയും തകര്‍ത്തെറിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു രണ്ട് മത്സരങ്ങളിലും ജാപ്പനീസ് പടയുടെ വിജയം.