കേരളം

kerala

ETV Bharat / sports

ഖത്തറില്‍ വീരഗാഥ രചിച്ച് ജപ്പാന്‍, ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍; തോറ്റിട്ടും സ്‌പെയിനും അവസാന പതിനാറില്‍ - ജപ്പാന്‍ വിവാദ ഗോള്‍

ഗ്രൂപ്പ് ഇ യിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജപ്പാന്‍റെ തിരിച്ചുവരവ്.

fifa world cup 2022  fifa world cup  world cup 2022  japan  japan vs spain  qatar 2022  ജപ്പാന്‍  സ്‌പെയിന്‍  ഖത്തര്‍ ലോകകപ്പ്  ജപ്പാന്‍ vs സ്‌പെയിന്‍  ജപ്പാന്‍ വിവാദ ഗോള്‍  ഫിഫ
ഖത്തറില്‍ വീരഗാഥ രചിച്ച് ജപ്പാന്‍, ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍; തോറ്റിട്ടും സ്‌പെയിനും അവസാന പതിനാറില്‍

By

Published : Dec 2, 2022, 7:52 AM IST

Updated : Dec 2, 2022, 10:17 AM IST

ദോഹ:മരണഗ്രൂപ്പില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരുടെ തല അരിഞ്ഞ് വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ജപ്പാന്‍. ഗ്രൂപ്പ് ഇ യിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഏഷ്യന്‍ കരുത്തന്മാരുട വിജയം. തോല്‍വി വഴങ്ങിയെങ്കിലും ഗോള്‍ ശരാശരിയുടെ സഹായത്തോടെ രണ്ടാമതെത്തിയ സ്‌പെയിന്‍ ജര്‍മനിയെ മറികടന്ന് അവസാന 16ല്‍ സ്ഥാനം പിടിച്ചു.

ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ജപ്പാന്‍ രണ്ടെണ്ണം സ്‌പാനിഷ് പടയുടെ വലയിലെത്തിച്ചത്. 11ാം മിനിട്ടില്‍ ഗോള്‍ നേടിയ സ്‌പെയിന്‍ പന്തടക്കത്തിലും മികവ് കാട്ടി ജപ്പാനെ വെള്ളം കുടിപ്പിച്ചു. എന്നാല്‍ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ച ജപ്പാന്‍ രണ്ടാം പകുതിയിലാണ് യൂറോപ്യന്‍ കരുത്തന്മാരെ ഞെട്ടിച്ചത്.

ജപ്പാന് മേല്‍ യൂറോപ്യന്‍ കരുത്തരുടെ മൃഗീയ ആധിപത്യം: കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് സ്‌പെയിന്‍ ആയിരുന്നു. 11-ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ അവര്‍ പന്തടക്കത്തിലും മുന്നിട്ട് നിന്നു. തുടക്കം മുതല്‍ ജാപ്പനീസ് ഗോള്‍ മുഖത്തേക്ക് ആക്രമണം അഴിച്ച് വിട്ട സ്‌പെയിന് വേണ്ടി അല്‍വാരോ മൊറാട്ടയാണ് ആദ്യ ഗോള്‍ നേടിയത്. ഖത്തറില്‍ മൊറാട്ടയുടെ മൂന്നാമത്തെ ഗോളാണിത്.

22ാം മിനിട്ടില്‍ മറ്റൊരു അവസരവും മൊറാട്ടയ്‌ക്ക് ലഭിച്ചെങ്കിലും ജപ്പാന്‍ ഗോള്‍ കീപ്പര്‍ സ്‌പാനിഷ് താരത്തിന്‍റെ ദുര്‍ബലമായ ഷോട്ട് അനായാസം കൈയിലൊതുക്കി. അതേ സമയം മറുവശത്ത് ആദ്യ പകുതിയില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താല്‍ ജപ്പാന്‍ ആക്രമിച്ച് കളിച്ചെങ്കിലും മുന്നേറ്റ നിരയ്‌ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

ഉദിച്ചുയര്‍ന്ന് ജപ്പാന്‍:ആദ്യ പകുതിയില്‍ കണ്ട ജപ്പാനെയല്ല ഖലീഫ സ്‌റ്റേഡിയത്തില്‍ സ്‌പെയിന്‍ പിന്നീട് കണ്ടത്. 48ാം മിനിട്ടില്‍ തന്നെ അവര്‍ സമനില ഗോള്‍ നേടി. പകരക്കാരനായെത്തിയ റിറ്റ്‌സു ഡൊവാനാണ് ജപ്പാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

ഇതിന്‍റെ ഞെട്ടലില്‍ നിന്ന് സ്‌പെയിന്‍ പൂര്‍ണമായി മുക്തി നേടും മുന്‍പ് ജാപ്പനീസ് പട രണ്ടാം ഗോളും സ്‌പാനിഷ് വലയിലെത്തിച്ചു. 51ാം മിനിട്ടില്‍ ആവോ ടനാകയാണ് ഗോളടിച്ചത്. ഖത്തര്‍ ലോകകപ്പില്‍ വിവാദങ്ങള്‍ക്കും വഴിവെട്ടുന്നതായിരുന്നു ഈ ഗോള്‍.

സ്‌പെയിന്‍ ഗോള്‍ മുഖത്തേക്കുള്ള ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ടച്ച് ലൈന്‍ കടന്ന് പോയ പന്ത് കൗറു മിടോമ ബോക്‌സിനുള്ളിലേക്ക് മറിച്ചുനല്‍കി. പോസ്‌റ്റിന് മുന്നിലുണ്ടായിരുന്ന ടനാക അത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ നേടിയിട്ടും സംശയത്തോടെയാണ് ജപ്പാന്‍ താരങ്ങള്‍ ആഘോഷം നടത്തിയത്.

ഇതിന് തൊട്ടുപിന്നാലെ ഗോള്‍ സ്ഥിരീകരണം നടത്താന്‍ റഫറി വാര്‍ പരിശോധനയുടെ സഹായം തേടി. പരിശോധനയുടെ റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടന്നിരുന്നു എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ടച്ച് ലൈന്‍ കടന്നില്ല എന്ന അന്തിമ തീരുമാനത്തില്‍ വാര്‍ പരിശോധന എത്തിയതിന് പിന്നാലെ റഫറി ജപ്പാന് ഗോള്‍ അനുവദിച്ചു.

ഈ ഗോളാണ് ജര്‍മനിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ലീഡ് നേടിയതിന് പിന്നാലെ പ്രതിരോധത്തിലേക്ക് ഊന്നല്‍ നല്‍കിയാണ് ജപ്പാന്‍ കളിച്ചത്. അവസരങ്ങള്‍ കിട്ടിയപ്പോഴെല്ലാം അതിവേഗ മുന്നേറ്റങ്ങള്‍ നടത്താനും അവര്‍ ശ്രമിച്ചു. ഒടുവില്‍ ഖലീഫ സ്‌റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ അവസാന പതിനാറിലേക്ക്.

Last Updated : Dec 2, 2022, 10:17 AM IST

ABOUT THE AUTHOR

...view details