ദോഹ : താരങ്ങളും, ഒഫീഷ്യൽസും, ആരാധകരും ഗോൾ രഹിത സമനിലയുറപ്പിച്ച മത്സരം. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിന്‍റെ അവസാന മിനിട്ടുകളിൽ എതിരാളിയുടെ വല ഭേദിച്ച് രണ്ട് തകർപ്പൻ ഗോളുകൾ. വെയ്‌ൽസിനെതിരെ ഇറാന്‍റെ അത്‌ഭുത വിജയം കണ്ട അരാധകർ പോലും തലയിൽ കൈവച്ചുകാണും. ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ അധിക സമയത്തിന്‍റെ 8, 11 മിനിട്ടുകളിൽ ഗോളുകൾ നേടിയാണ് ഇറാൻ വെയ്‌ൽസിനെതിരെ അത്ഭുത വിജയം സ്വന്തമാക്കിയത്.
വെയ്‌ൽസിന്‍റെ ഗോളി വെയ്‌ൻ ഹെന്നേസി 86-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയ മത്സരത്തിൽ അധിക സമയത്തിന്‍റെ എട്ടാം മിനിട്ടിൽ റുസ്ബെ ചെഷ്മിയും, 11-ാം മിനിട്ടിൽ റമിൻ റെസെയ്‌നുമാണ് ഇറാന്‍റെ വിജയ ഗോളുകൾ നേടിയത്. ഇറാന്‍റെ സ്‌ട്രൈക്കർ തരേമിയെ ബോക്‌സിന് പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചതിനാണ് വെയ്‌ൽസ് ഗോളി വെയ്‌ൻ ഹെന്നേസിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. ഈ അവസരം മികച്ച രീതിയിൽ വിനിയോഗിച്ച ഇറാൻ കൃത്യമായ ഇടവേളകളിൽ ഗോളുകൾ നേടുകയായിരുന്നു.
പന്തടക്കത്തിലും കളിമികവിലും മുന്നിൽ വെയ്‌ൽസ് ആയിരുന്നുവെങ്കിലും ആക്രമണത്തിൽ ഇറാനായിരുന്നു മുന്നിൽ. 21 ഷോട്ടുകളാണ് ഇറാൻ വെയ്‌ൽസിന്‍റെ ഗോൾ മുഖത്തേക്ക് അടിച്ചുകയറ്റിയത്. മത്സരത്തിന്‍റെ 15-ാം മിനിട്ടിൽ തന്നെ ഇറാൻ മുന്നിലെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്‌ചവച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും മികച്ച ആക്രമണങ്ങളുമായി ഇറാൻ വെയ്‌ൽസിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഗോളവസരങ്ങൾ സൃഷ്‌ടിക്കാനായെങ്കിലും കൃത്യമായി ഫിനിഷുചെയ്യാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. മത്സരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങവെയാണ് വെയ്‌ൽസിന് തിരിച്ചടിയായി ഗോളിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. ഈ അവസരം മുതലെടുത്ത് ഇറാൻ കൃത്യമായ പ്ലാനിങ്ങോടെ അവസാന നിമിഷങ്ങളിൽ വെയ്‌ൽസിന്‍റെ ചങ്ക് തകർത്തുകൊണ്ട് വിജയ ഗോളുകൾ നേടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്‍റുമായി ഇറാൻ രണ്ടാം സ്ഥാനത്തേക്കെത്തി. രണ്ട് മത്സരങ്ങളും തോറ്റ വെയ്‌ൽസ് പുറത്താകലിന്‍റെ വക്കിലാണ്. ഒരു മത്സരത്തിൽ നിന്ന് മൂന്ന് പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത്.