കേരളം

kerala

ETV Bharat / sports

മരണഗ്രൂപ്പിന്‍റെ പോരാട്ടം ; ഗ്രൂപ്പ് ഇയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ വമ്പൻമാർ, പുറത്താകലിന്‍റെ വക്കിൽ ജർമനി

സ്‌പെയിനിന് ജപ്പാനും, ജർമനിക്ക് കോസ്റ്ററിക്കയുമാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് രണ്ട് മത്സരങ്ങളും

FIFA World Cup 2022  Qatar World Cup  ഖത്തർ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരങ്ങൾ  Qatar World Group E Match Preview  Group E Match Preview  FIFA World Cup 2022 Group E Match Preview  സ്‌പെയിൻ  ജർമനി  കോസ്റ്ററിക്ക  ജപ്പാൻ  പുറത്താകലിന്‍റെ വക്കിൽ ജർമനി  മരണഗ്രൂപ്പിന്‍റെ പോരാട്ടം
മരണഗ്രൂപ്പിന്‍റെ പോരാട്ടം; ഗ്രൂപ്പ് ഇയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ വമ്പൻമാർ, പുറത്താകലിന്‍റെ വക്കിൽ ജർമനി

By

Published : Dec 1, 2022, 5:49 PM IST

ഖത്തർ : ലോകകപ്പ് തുടങ്ങും മുന്നേ സ്‌പെയിനും ജർമനിയും അനായാസം ജയിച്ച് കയറുമെന്ന് പ്രവചനങ്ങൾ നടന്നെങ്കില്‍ ഗ്രൂപ്പ് ഇ, ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മരണ ഗ്രൂപ്പായി മാറിയിരിക്കുകയാണ്. ഗ്രൂപ്പിൽ അവസാന റൗണ്ടായ ഇന്ന് ജീവൻ മരണ പോരാട്ടം തന്നെയാകും നടക്കുക. സ്‌പെയിനിന് ജപ്പാനും, ജർമനിക്ക് കോസ്റ്ററിക്കയുമാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് രണ്ട് മത്സരങ്ങളും.

നിലവിൽ ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയുമുൾപ്പടെ നാല് പോയിന്‍റുമായി സ്‌പെയിനാണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനിന്‍റെ ഇന്നത്തെ എതിരാളികളായ ജപ്പാൻ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പടെ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. അതിനാൽ തന്നെ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.

ലക്ഷ്യം വിജയം മാത്രം :ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനിന് ജപ്പാനെതിരെ സമനില നേടിയാൽ പോലും പ്രീക്വാർട്ടറിൽ എത്താൻ കഴിയും. എന്നാൽ മത്സരത്തിൽ ജപ്പാനെതിരെ തോൽവി വഴങ്ങുകയും കോസ്റ്ററിക്ക ജർമനിയെ പരാജയപ്പെടുത്തുകയും ചെയ്‌താൽ സ്‌പെയിനിന് പുറത്തേക്കുള്ള വഴി തെളിയും. ഇതോടെ ജപ്പാനും കോസ്റ്ററിക്കയും ക്വാർട്ടറിലെത്തും.

ജപ്പാനെതിരെ സ്പെയിൻ തോൽക്കുകയും ജർമനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്പെയിൻ, ജർമനി ടീമുകൾക്ക് 4 പോയിന്‍റ് വീതമാകും. ഇതോടെ ഗോൾ വ്യത്യാസക്കണക്കിൽ മികച്ച ടീം ജപ്പാനൊപ്പം അടുത്ത റൗണ്ടിലെത്തും. കോസ്റ്ററിക്കയ്ക്കെതിരെ ജയിക്കുന്നതിനൊപ്പം സ്പെയിൻ ജപ്പാനെ പരാജയപ്പെടുത്തുകയും ചെയ്‌താൽ ജർമനി പ്രീക്വാർട്ടറിലെത്തും.

സ്പെയിൻ–ജപ്പാൻ മത്സരം സമനിലയിൽ പിരിയുകയും ജർമനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്‌താൽ ഗോൾ വ്യത്യാസത്തിൽ മികച്ച ടീം മുന്നേറും. കോസ്റ്ററിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഏഴ്‌ ഗോളിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയ സ്‌പെയിനിന് പക്ഷേ രണ്ടാം മത്സരത്തിൽ ജർമനിയോട് സമനിലയിൽ പിരിയേണ്ടി വന്നിരുന്നു

അട്ടിമറിയുടെ ജപ്പാൻ: മറുവശത്ത് വമ്പൻ താരനിരയുമായെത്തിയ ജർമനിയെ അട്ടിമറിച്ചാണ് ജപ്പാൻ ഖത്തർ ലോകകപ്പിൽ തങ്ങളുടെ വരവറിയിച്ചത്. എന്നാൽ ആ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ ജപ്പാന് പക്ഷേ കോസ്റ്ററിക്കയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ജപ്പാന്‍റെ ഗോൾ മുഖത്തേക്ക് തൊടുക്കാൻ സാധിച്ച ഒരേ ഒരു ഓണ്‍ ടാർഗറ്റ് ഷോട്ട് തന്നെ കോസ്റ്ററിക്ക ഗോളാക്കി മാറ്റുകയായിരുന്നു.

നനഞ്ഞ പടക്കമായി ജർമനി : ലോകകപ്പിലെ വമ്പൻമാരാകും എന്ന് വിലയിരുത്തപ്പെട്ടിരുന്ന ടീമായിരുന്നു ജർമനി. പക്ഷേ ആദ്യ മത്സരത്തിൽ തന്നെ ജപ്പാനെതിരെ അടിതെറ്റിയത് ടീമിന്‍റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. പിന്നാലെ വിജയം അനിവാര്യമായിരുന്ന രണ്ടാം മത്സരത്തിൽ സ്‌പെയിനിനെതിരെ സമനിലയിൽ ഒതുങ്ങേണ്ടി വന്നതും ടീമിന് തിരിച്ചടിയായി.

പെണ്‍ പുലികൾ ഇറങ്ങുമ്പോൾ : അതേസമയം ഇന്നത്തെ ജർമനി കോസ്റ്ററിക്ക മത്സരം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടിയാണ് വേദിയാവുക. പുരുഷ ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിത റഫറി മത്സരം നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ഈ മത്സരം നടക്കുക. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരത്തിന്‍റെ പ്രധാന റഫറി.

ALSO READ:ഗ്രൂപ്പ് എഫിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ, പ്രീക്വാർട്ടർ ഉറപ്പിക്കാൻ ക്രൊയേഷ്യയും ബെൽജിയവും മൊറോക്കോയും

ബ്രസീലുകാരിയായ ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ് ഈ മത്സരത്തിലെ അസിസ്റ്റന്‍റ് റഫറിമാർ. കഴിഞ്ഞ ആഴ്‌ച നടന്ന പോളണ്ട് - മെക്‌സിക്കോ മത്സരത്തിന്‍റെ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38 കാരിയായ സ്റ്റെഫാനി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ 2020ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും നിയന്ത്രിച്ച സ്റ്റെഫാനി 2019ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും റഫറിയായിട്ടുണ്ട്.

ABOUT THE AUTHOR

...view details