ദോഹ:റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഖത്തറിലും ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങി മുന്‍ ചാമ്പ്യന്മാരായ ജര്‍മനി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയെ 4-2ന് തോല്‍പ്പിച്ചെങ്കിലും മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയതാണ് ജര്‍മന്‍ പടയ്‌ക്ക് തിരിച്ചടിയായത്. ഇരു ടീമിനും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റാണെങ്കിലും ഗോള്‍ ശരാശരിയാണ് സ്‌പാനിഷ് പടയെ തുണച്ചത്.
അതേസമയം ലോകകപ്പിലെ മരണഗ്രൂപ്പില്‍ ആറ് പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. അവസാന മത്സരം ജര്‍മനിയോട് തോല്‍വി വഴങ്ങിയ കോസ്റ്റാറിക്ക നാലാം സ്ഥാനക്കാരായാണ് ഖത്തറില്‍ നിന്ന് മടങ്ങുക.
ഒന്നിന് പുറകെ ഒന്നായ ആക്രമണങ്ങള്‍: ജയത്തില്‍ കുറഞ്ഞതൊന്നും ജര്‍മ്മന്‍ പടയ്‌ക്ക് കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തില്‍ സ്വപ്‌നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ജര്‍മനിയുടെ ശ്രമങ്ങളും. ഇതിന്‍റെ ഫലം പത്താം മിനിട്ടില്‍ തന്നെ അവര്‍ക്ക് ലഭിച്ചു.
ഗാന്‍ബ്രിയുടെ ഹെഡറിലൂടെ ജര്‍മനി ആദ്യം കോസ്റ്റാറിക്കയുടെ വല കുലുക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ഗോളടിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മനിക്കായില്ല. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും ജര്‍മന്‍ ഗോള്‍ പോസ്‌റ്റിന് അടുത്തേക്ക് എത്താന്‍ പോലും കോസ്റ്റാറിക്കയ്‌ക്ക് സാധിച്ചില്ല.
അടിക്ക് തിരിച്ചടി:ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ജര്‍മനിയെ കോസ്‌റ്റാറിക്ക ഞെട്ടിച്ചു. 58-ാം മിനിട്ടില്‍ യെല്‍സിന്‍ ജേഡയിലൂടെയാണ് കോസ്റ്റാറിക്ക സമനില പിടിച്ചത്. തുടര്‍ന്ന് ലീഡ് നേടാനായി കിണഞ്ഞ് പരിശ്രമിച്ച അവര്‍ 70-ാം മിനിട്ടില്‍ വീണ്ടും ജര്‍മന്‍ വല കുലുക്കി.