ദോഹ : ലോകകപ്പ് ഫുട്‌ബോളിലെ മൊറോക്കന്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി ഫ്രാന്‍സ്. ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഫ്രഞ്ച് ബോക്‌സിലേക്ക് തിരമാല പോലെ പാഞ്ഞടുത്ത ആഫ്രിക്കന്‍ ആക്രമണങ്ങളെ തടഞ്ഞ് എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ അല്‍ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ വിജയക്കൊടി പാറിച്ചത്. അഞ്ചാം മിനിട്ടില്‍ തിയോ ഹെര്‍ണാണ്ടസും എഴുപത്തിയൊന്‍പതാം മിനിട്ടില്‍ റാന്‍ഡല്‍ കൊലോ മുവാനിയും നേടിയ ഗോളുകളിലാണ് ഫ്രഞ്ച് പട തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ഉറപ്പിച്ചത്.
ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങും. 17ന് മൂന്നാം സ്ഥാനത്തിനായി മൊറോക്കോ ക്രൊയേഷ്യയെ നേരിടും.
ആഫ്രിക്കന്‍ കോട്ട ഇളക്കി ഹെര്‍ണാണ്ടസ് :കളി തുടങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ അല്‍ബെയ്‌ത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് ലീഡ് നേടി. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച അന്‍റോയിന്‍ ഗ്രീസ്‌മാന്‍ കിലിയന്‍ എംബാപ്പെയ്‌ക്ക് നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗ്രീസ്‌മാന്‍റെ പാസ് സ്വീകരിച്ച എംബാപ്പെ ഷോട്ട് പായിച്ചു.
എതിര്‍ പ്രതിരോധമതിലില്‍ തട്ടിത്തെറിച്ച ഫ്രഞ്ച് സൂപ്പര്‍ താരത്തിന്‍റെ ഷോട്ട് ബോക്‌സിന് ഇടതുഭാഗത്ത് പോസ്‌റ്റിനോട് ചേര്‍ന്നുനിന്ന തിയോ ഹെര്‍ണാണ്ടസിലേക്ക്. പന്ത് പിടിച്ചടക്കാന്‍ മുന്നോട്ടുകയറിയ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയെ കാഴ്‌ചക്കാരനാക്കി കിടിലന്‍ ഒരു വോളിയിലൂടെ ഹെര്‍ണാണ്ടസ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. ഗോള്‍ വീണതോടെ തിരിച്ചടി നല്‍കാനുള്ള ശ്രമം മൊറോക്കോയും ആരംഭിച്ചു.
ഗോള്‍ വഴങ്ങിയ ശേഷം പതറാതെ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ലോകചാമ്പ്യന്മാരെ വിറപ്പിക്കുകയായിരുന്നു മൊറോക്കോ. 10-ാം മിനിട്ടില്‍ അസ്സെദിന്‍ ഉനാഹി ഫ്രഞ്ച് ഗോള്‍ പോസ്‌റ്റ് ലക്ഷ്യമാക്കിയൊരു ഷോട്ട് പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് അത് തട്ടിയകറ്റി. പിന്നാലെ 17-ാം മിനിട്ടില്‍ ലീഡുയര്‍ത്താന്‍ ഫ്രാന്‍സിനും കിട്ടി ഒരു സുവര്‍ണാവസരം.
ഒരു ലോങ് ബോള്‍ പിടിച്ചെടുത്ത് മുന്നോട്ടുകയറിയ ഒലിവിയര്‍ ജിറൂദ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പായിച്ച ഷോട്ട് പോസ്‌റ്റില്‍ തട്ടി തെറിച്ചു. 21-ാം മിനിട്ടില്‍ തന്നെ മൊറോക്കോയ്‌ക്ക് മത്സരത്തിലെ ആദ്യ സബ്‌സ്‌റ്റിറ്റ്യൂട്ടിനെ ഇറക്കേണ്ടി വന്നു. പരിക്കേറ്റ ക്യാപ്‌റ്റന്‍ റൊമെയ്‌ന്‍ സയ്‌സിന് പകരം മിഡ്‌ഫീല്‍ഡര്‍ സെലിം അമെല്ല കളത്തിലേക്കിറങ്ങി.
36-ാം മിനിട്ടില്‍ ലീഡുയര്‍ത്താന്‍ ഫ്രാന്‍സിന് വീണ്ടുമൊരവസരമൊരുങ്ങി. ചൗമെനി നല്‍കിയ ത്രൂ ബോളിലേക്ക് പാഞ്ഞടുത്ത എംബാപ്പെ നടത്തിയ ഗോള്‍ ശ്രമം ഹക്കിമി കൃത്യസമയത്ത് തടുത്തിട്ടു. ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് ബോക്‌സിന് നടുക്ക് ഫ്രീയായി നിന്ന ജിറൂദിലേക്ക് ഹെന്‍ഡേഴ്‌സണ്‍ കൈമാറിയെങ്കിലും താരത്തിന്‍റെ ഷോട്ട് മൊറോക്കോയുടെ ഭാഗ്യം കൊണ്ട് പുറത്തേക്ക് പോയി.
44-ാം മിനിട്ടിലും ലോകചാമ്പ്യന്മാരെ വിറപ്പിച്ച് മൊറോക്കന്‍ മുന്നേറ്റമുണ്ടായി. ഫ്രഞ്ച് ബോക്‌സിലേക്കെത്തിയ സിയെച്ചിന്‍റെ കോര്‍ണറിനൊടുവില്‍ യാമിഖിന്‍റെ കിടിലന്‍ ഒരു ബൈസിക്കിള്‍ കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിച്ചു. ഇതോടെ അടിക്കും തിരിച്ചടിക്കും ശ്രമിച്ച് ഇരുകൂട്ടരും ആദ്യ പകുതി അവസാനിപ്പിച്ചു.
പൊരുതി വീണ് മൊറോക്കോ :എങ്ങനെയും സമനില ഗോള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മൊറോക്കോ രണ്ടാം പകുതിയില്‍ പന്ത് തട്ടാനിറങ്ങിയത്. ഫ്രഞ്ച് പ്രതിരോധത്തിന് മേല്‍ വെല്ലുവിളി ഉയര്‍ത്താന്‍ ആഫ്രിക്കന്‍ കരുത്തിന് പലപ്പോഴും സാധിച്ചു. 54-ാം മിനിട്ടില്‍ ഹക്കീമി നല്‍കിയ പന്ത് ഫ്രഞ്ച് ഗോള്‍ മുഖത്ത് നെസിരിയിലെത്തും മുന്‍പ് ഡിഫന്‍ഡര്‍ റഫേല്‍ വരാന്‍ തടഞ്ഞു.
നിരന്തര ആക്രമണങ്ങളിലൂടെ മൊറോക്കോ കളം നിറഞ്ഞെങ്കിലും ഫ്രഞ്ച് ഗോള്‍വലയില്‍ പന്തെത്തിക്കാന്‍ അവര്‍ക്കായില്ല. മികച്ച പാസിങ് ഗെയിം കൊണ്ടായിരുന്നു ആഫ്രിക്കന്‍ സംഘം യുറോപ്യന്മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചത്.
മത്സരത്തിന്‍റെ 65-ാം മിനിട്ടില്‍ ജിറൂദിനെ പിന്‍വലിച്ച് മാര്‍ക്കസ് തുറാമിനെ ഫ്രഞ്ച് പരിശീലകന്‍ കളത്തിലിറക്കി. ഇതോടെ ലോകചാമ്പ്യന്മാരുടെ മുന്നേറ്റങ്ങള്‍ക്ക് വീണ്ടും വേഗം കൂടി. 76-ാം മിനിട്ടില്‍ ചൗമെനിയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് ഹംദെല്ലാഹ് ഫ്രഞ്ച് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മുന്നേറിയെങ്കിലും താരത്തിന് ഷോട്ടെടുക്കാന്‍ സാധിക്കാതെ പോയത് മൊറോക്കോയ്‌ക്ക് തിരിച്ചടിയായി.
79-ാം മിനിട്ടിലാണ് ഒസ്‌മന്‍ ഡെംബലയെ പിന്‍വലിച്ച് ദെഷാം കൊലോ മുവാനിയെ കളത്തിലേക്കിറക്കി വിട്ടത്. ആദ്യ ടച്ച് തന്നെ രാജ്യാന്തര കരിയറിലെ ആദ്യ ഗോളാക്കി മാറ്റി മുവാനി കോച്ചിന്‍റെ വിശ്വാസം കാത്തു. ബോക്‌സിനുള്ളില്‍ മൊറോക്കന്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി മുവാനിക്ക് പന്ത് നീട്ടി നല്‍കിയ കിലിയന്‍ എംബാപ്പെയ്‌ക്കായിരുന്നു ഗോളിന്‍റെ ക്രെഡിറ്റ് മുഴുവന്‍.
തോല്‍വി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കന്‍ പോരാളികള്‍ ഫ്രഞ്ച് ബോക്‌സിലേക്ക് കുതിച്ചെത്തി. എക്‌സ്ട്രാടൈമില്‍ ഒനാഹിയുടെ ഷോട്ട്, കോണ്ടോ തട്ടിയകറ്റിയതോടെ ആശ്വാസഗോളും കണ്ടെത്താനാകാതെ മൊറോക്കോയ്‌ക്ക് കളിയവസാനിപ്പിക്കേണ്ടി വന്നു.