ദോഹ :യൂറോപ്യന്‍ തന്ത്രങ്ങള്‍ പരസ്‌പരം പോരടിച്ച ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തളച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ ഇംഗ്ലീഷ് സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞത്. ചൗമേനി, ജിറൂദ് എന്നിവര്‍ ഫ്രഞ്ച് പടയ്‌ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ക്യാപ്‌റ്റന്‍ ഹാരി കെയ്‌ന്‍റെ ബൂട്ടില്‍ നിന്നാണ് ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്.
ഒരു ഗോളിന് പിന്നിട്ട് നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ സാധിക്കാതെ വന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയ ഹാരി കെയ്‌ന് രണ്ടാം അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തെത്തുന്ന മൊറോക്കോയാണ് സെമി ഫൈനലില്‍ ഫ്രാന്‍സിന് എതിരാളി.
കടലാസിലെ കരുത്ത് കളത്തിലും :തുല്യശക്തികളുടെ പോരാട്ടത്തിനായിരുന്നു അല്‍ ബെയ്‌ത്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കടലാസിലെ കരുത്ത് കളത്തിലും പ്രകടമാക്കുന്ന രീതിയില്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇരുവശത്തേക്കും മികച്ച നീക്കങ്ങള്‍ പിറന്നു. തുടക്കത്തിലേ തന്നെ ലീഡ് പിടിക്കാന്‍ രണ്ട് യൂറോപ്യന്‍ ശക്തികളും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു.
നിരന്തരമായുള്ള പരിശ്രമങ്ങള്‍ക്ക് പിന്നാലെ മത്സരത്തിന്‍റെ 11-ാം മിനിട്ടിലാണ് ഫ്രാന്‍സിന് ആദ്യ അവസരം ലഭിച്ചത്. ഡെംബലെ വലതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ലക്ഷ്യത്തിലേക്ക് ജിറൂദ് തിരിച്ചുവിട്ടെങ്കിലും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ക് ഫോര്‍ഡിനെ മറികടന്ന് പന്ത് വലയിലെത്തിയില്ല. ഫ്രാന്‍സ് താളം കണ്ടെത്തിയതോടെ പതിയെ ഇംഗ്ലണ്ട് സുരക്ഷിതമായി കളിക്കാന്‍ തുടങ്ങി.
17-ാം മിനിട്ടില്‍ ചൗമേനിയിലൂടെ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സൂപ്പര്‍ താരം എംബാപ്പെയില്‍ നിന്നായിരുന്നു മുന്നേറ്റത്തിന്‍റെ തുടക്കം. അവസാന പാസ് ഗ്രീസ്‌മാന്‍റെയും.
ബോക്‌സിന് പുറത്ത് നിന്ന് ഗ്രീസ്‌മാന്‍ ചൗമേനിക്ക് പന്ത് കൈമാറുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ അപകടമൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ ചൗമേനിയുടെ ഒരു ലോങ് റേഞ്ചര്‍ ഇംഗ്ലണ്ടിന്‍റെ വല തുളച്ചുകയറി. ഗോള്‍ കീപ്പര്‍ അടക്കം 9 ഇംഗ്ലീഷ് താരങ്ങളെ കാഴ്‌ചക്കാരാക്കിയാണ് ചൗമേനി ഗോളടിച്ചത്.
ഒരു ഗോളിന് പിന്നിലായതോടെ ഇംഗ്ലണ്ടും കൂടുതല്‍ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി. ഹാരി കെയ്‌ന്‍ നടത്തിയ പല ശ്രമങ്ങളും പക്ഷേ ഗോളായി മാറിയില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്‍റെ 4 മിനിട്ടിലും ആരും സ്കോര്‍ ചെയ്യാതിരുന്നതോടെ ഫ്രാന്‍സ് ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു.
വില്ലനായി നായകന്‍:എങ്ങനെയും ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രീ ലയണ്‍സ് രണ്ടാം പകുതിയിലിറങ്ങിയത്. തുടക്കം തന്നെ കെയ്‌നും കൂട്ടരും ഫ്രാന്‍സ് ബോക്‌സിലേക്ക് ഇരച്ചുകയറി. 47-ാം മിനിട്ടിലെ കോര്‍ണറിനൊടുവില്‍ ബോക്‌സിന് പുറത്ത് നിന്ന് ജൂഡ് ബെല്ലിങ്‌ഹാം തൊടുത്തുവിട്ട ഹാഫ് വോളി ഫ്രഞ്ച് ഗോളി ലോറിസ് രക്ഷപ്പെടുത്തി.
സമനില ഗോളിനായി പോരാടിയ ഇംഗ്ലണ്ടിന് 52-ാം മിനിട്ടില്‍ ഒപ്പമെത്താന്‍ അവസരം ലഭിച്ചു. ഫ്രഞ്ച് ബോക്‌സിനുള്ളില്‍ ബുക്കായ സാക്കയെ പ്രതിരോധിക്കുന്നതില്‍ ചൗമേനിക്ക് പിഴവ് പറ്റിയതോടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. കിക്കെടുത്ത നായകന്‍ ഹാരി കെയ്‌ന്‍റെ ബുള്ളറ്റ് ഷോട്ട് ഫ്രഞ്ച് ഗോളിയേയും കടന്ന് വലയിലേക്ക്.
ഇംഗ്ലണ്ട് ഗോള്‍ മടക്കിയതിന് പിന്നാലെ തന്ത്രം മാറ്റി പരീക്ഷിച്ച ദിദിയര്‍ ദെഷാംസിന്‍റെ ടീം ഇംഗ്ലീഷ് പാളത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടു. 55-ാം മിനിട്ടില്‍ റാബിയോട്ടിലേക്ക് ജൂലിയസ് കൂണ്ടെയുടെ പാസെത്തുമ്പള്‍ ഗോള്‍ കണ്ടെത്താനാവശ്യമായ സ്‌പേസും സമയവും ഫ്രഞ്ച് മധ്യനിര താരത്തിനുണ്ടായിരുന്നു. എന്നാല്‍ പിക്‌ഫോര്‍ഡ് വീണ്ടും ഇവിടെ ത്രീ ലയണ്‍സിന്‍റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
മറുവശത്ത് സാക്കയുടെ നീക്കങ്ങള്‍ ഫ്രഞ്ച് പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. ലോകചാമ്പ്യന്മാരെ വട്ടം കറക്കി മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങ്ങിലും ആധിപത്യം പുലര്‍ത്താന്‍ സൗത്ത്‌ഗേറ്റിന്‍റെ പട്ടാളത്തിന് സാധിച്ചു. വിജയഗോളിന് വേണ്ടി ഫ്രാന്‍സും ശ്രമങ്ങള്‍ തുടരുന്നുണ്ടായിരുന്നു.
ഒടുവില്‍ 78ാം മിനിട്ടില്‍ രാജ്യത്തിന്‍റ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. ആന്‍റോയിന്‍ ഗ്രീസ്‌മാന്‍ നല്‍കിയ മനോഹരമായൊരു ക്രോസ് ഇംഗ്ലണ്ട് പ്രതിരോധത്തിനൊപ്പം ഉയര്‍ന്ന് ചാടി ഹെഡ് ചെയ്‌താണ് ജിറൂദ് പന്ത് വലയിലേക്ക് എത്തിച്ചത്. ഇതോടെ ലോക ചാമ്പ്യന്മാര്‍ 2-1ന് മുന്നില്‍.
സമനില പിടിക്കാന്‍ മത്സരത്തിന്‍റെ 82ാം മിനിട്ടില്‍ ഇംഗ്ലണ്ടിന് വീണ്ടും അവസരം ലഭിച്ചു. മേസന്‍ മൗണ്ടിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് ഇംഗ്ലീഷ് നിരയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലണ്ടിന് തുണയായത്.
എന്നാല്‍ നിര്‍ണായക പെനാല്‍റ്റിയെടുക്കാനെത്തിയ ക്യാപ്‌റ്റന്‍ ഹാരി കെയ്‌ന് ഇപ്രാവശ്യം പിഴച്ചു. ഗോള്‍ കീപ്പറിന്‍റെ വലതുഭാഗത്തേക്ക് കെയ്‌ന്‍ തൊടുത്തുവിട്ട ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പാഞ്ഞു. ആ ഷോട്ടില്‍ നായകന്‍ വില്ലനാകുന്ന കാഴ്‌ച ഞെട്ടലോടെയാണ് ഇംഗ്ലീഷ് ആരാധകര്‍ കണ്ടത്.
സമനില ഗോള്‍ കണ്ടെത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഓരോ മുന്നേറ്റങ്ങളും കൃത്യമായി തടഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലോകചാമ്പ്യന്മാര്‍ക്ക് അവസാന നാലിലേക്കും ഇംഗ്ലണ്ടിന് നാട്ടിലേക്കുമുള്ള ടിക്കറ്റൊരുങ്ങി.