ദോഹ: ഗ്രൂപ്പ് ഡിയിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്. ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ആവേശവിജയം സ്വന്തമാക്കിയ ഫ്രഞ്ച് പട പ്രീക്വാർട്ടർ യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമായി. സൂപ്പർ താരം കിലിയൻ എംബപ്പെ നേടിയ ഇരട്ട ഗോളുകളാണ് ഫ്രാൻസിന്‍റെ വിജയത്തിൽ കരുത്തായത്.
മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ ഡെന്മാര്‍ക്കിന്‍റെ ആധിപത്യമാണ് കണ്ടത്. പ്രത്യാക്രമണങ്ങളിലൂടെ ഫ്രാന്‍സും മികച്ചുനിന്നു. ഡെന്മാർക്ക് അത്ര ചെറിയ ടീം അല്ലാത്തത് കൊണ്ട് തന്നെ അവരെ അധികം പ്രസ് ചെയ്യാതെ കരുതലോടെയാണ് ഫ്രാൻസ് തുടങ്ങിയത്.
20-ാം മിനിറ്റിൽ ഡെംബലെയുടെ ക്രോസിൽ നിന്നും റാബിയോട്ടിന്‍റെ ഹെഡർ പറക്കും സേവുമായി കാസ്‌പർ ഷ്‌മൈക്കൽ ഡെന്മാർക്കിന്‍റെ രക്ഷയ്ക്ക് എത്തി. 33-ാം മിനിറ്റിൽ അന്‍റോണിയോ ഗ്രീസ്‌മാന്‍റെ ഒരു ഷോട്ടും കാസ്‌പർ തടഞ്ഞു. 35-ാം മിനിറ്റിൽ ഡെന്മാർക്ക് നടത്തിയ ഒരു കൗണ്ടർ ഫ്രാൻസിനെ പ്രതിരോധത്തിൽ ആക്കി. കോർണിലിയസിന്‍റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല. അതിന് ശേഷം നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ഡെന്മാര്‍ക്ക് പ്രതിരോധം ഭേദിക്കാനായില്ല.
രണ്ടാം പകുതിയിൽ ആദ്യ അവസരം വന്നത് എംബപ്പെയുടെ ബൂട്ടിൽ നിന്നായിരുന്നു. 56-ാം മിനിറ്റിൽ പിഎസ്‌ജി താരത്തിന്‍റെ ഇടം കാലൻ ഷോട്ടും ഷ്‌മൈക്കിൾ അനായാസം തടഞ്ഞു. 59-ാം മിനിറ്റിൽ ചൗമെനിയുടെ ലോംഗ് ബോൾ നെഞ്ചിലെടുത്ത് ഗ്രീസ്‌മാൻ ഉതിർത്ത ഷോട്ടും ലക്ഷ്യത്തിൽ നിന്ന് അകലെയായിരുന്നു.
61-ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും മുന്നിലെത്തി. തിയോ ഹെർണാണ്ടസും എംബപ്പെയും ചേർന്ന് ഇടതു വിങ്ങിലൂടെ നടത്തിയ നീക്കം ആണ് ഫ്രാൻസിന് ഗോൾ നൽകിയത്. എംബപ്പെയുടെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ. ഇതിന് മറുപടി നൽകാൻ ഡെൻമാർക്കിന് അധികം സമയം വേണ്ടി വന്നില്ല. എഴ് മിനിറ്റിനകം എറിക്‌സന്‍റെ മനോഹരമായ കോർണറാണ് ഗോളിൽ കലാശിച്ചത്. കോർണറിൽ നിന്നും ആൻഡേഴ്‌സന്‍റെ ഹെഡറെത്തിയത് ബാഴ്‌സ താരം ക്രിസ്റ്റ്യൻസന്‍റെ തലപ്പാകത്തിലാണ്. താരത്തിന്‍റെ ഹെഡറിന് മുന്നിൽ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കാഴ്‌ചക്കാരനായി നിന്നു.
ഇതിനു 72-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന് മുന്നിലെത്താനുള്ള അവസരം കിട്ടിയെങ്കിലും മികച്ച സേവുമായി ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ചാമ്പ്യന്‍മാരുടെ രക്ഷയ്‌ക്കെത്തി. 80-ാം മിനിറ്റിൽ ഡെന്മാർക്കിന്‍റെ മറ്റൊരു അറ്റാക്കിൽ കാർലോസ് ബ്രാത്‌വൈറ്റിന്‍റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മിയാണ് പുറത്ത് പോയത്.
എന്നാൽ ലോക ചാമ്പ്യന്മാർക്ക് വിജയത്തിൽ കുറഞ്ഞ മത്സരഫലമല്ലാതെ ഒന്നു കൊണ്ടും തൃപ്‌തിപ്പെടുമായിരുന്നില്ല. 86-ാം മിനിറ്റിൽ വീണ്ടും എംബപ്പെ വലകുലുക്കി. വലതു വിങ്ങിൽ നിന്ന് വന്ന ഗ്രീസ്‌മാന്‍റെ മനോഹര ക്രോസ് വലയിലേക്ക് എത്തിച്ച് എംബപ്പെ ഖത്തറിലെ തന്‍റെ മൂന്നാം ഗോൾ ആഘോഷിച്ചു. ഈ ഗോൾ ഫ്രാൻസിന്‍റെ വിജയവും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു.