ദോഹ: ഗ്രൂപ്പ് 'ഡി'യില്‍ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയവുമായി ഫ്രാൻസ്. ആദ്യ പത്ത് മിനിറ്റിനകം തന്നെ ഒരു ഗോളിന് പിന്നിലായ നിലവിലെ ചാമ്പ്യൻമാർ നാല് ഗോളുകൾ തിരിച്ചടിച്ചാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ഒലിവർ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ക്രെയ്‌ഗ് ഗുഡ്‌വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.
ഒമ്പതാം മിനിറ്റില്‍ തന്നെ ഓസ്ട്രേലിയ ലീഡെടുത്തതോടെ ലോകകപ്പിലെ നിലവിലെ ചാമ്പ്യൻമാർ തോറ്റ് തുടങ്ങുന്ന പതിവ് പല്ലവി ഫ്രാൻസും ആവർത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങളുമായി അന്തവിശ്വാസങ്ങൾക്കെല്ലാം ഗോൾമഴ തീർത്താണ് ഫ്രഞ്ച് പട മറുപടി നൽകിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.
തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിലായ ഫ്രാൻസ് സമനില ഗോളിനായി ഓസ്ട്രേലിയൻ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. അതിനിടെ 27-ാം മിനുറ്റിൽ ഗ്രീസ്മാനെടുത്ത കോര്‍ണറിൽ നിന്നും ഹെഡറിലൂടെ അഡ്രിയൻ റാബിയറ്റ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. അഞ്ച് മിനിറ്റിനകം 32ാം മിനുറ്റിലായിരുന്നു ജിറൂഡിന്റെ തകർപ്പൻ ഗോളിലൂടെ ലീഡെടുത്തു. റാബിയറ്റ്, ബാക് ഹില്‍ പാസ് ജിറൂഡ് സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്ന് മികച്ചൊരു നീക്കം വന്നെങ്കിലും ഇര്‍വിന്‍ തൊടുത്ത ഹെഡ്ഡര്‍ ഫ്രാന്‍സിന്‍റെ പോസ്റ്റിലിടിച്ചു മടങ്ങി.
രണ്ടാം പകുതിയിലും ഓസ്‌ട്രേലിയൻ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്ന എംബാപ്പെ 68-ാം മിനുറ്റിലാണ് ലക്ഷ്യം കണ്ടത്. ബോക്സിന് തൊട്ടുപുറത്തു നിന്ന് ഡെംബെലെ നല്‍കി ക്രോസില്‍ എംബാപ്പെയുടെ ഹെഡ്ഡര്‍ ഫിനിഷ്. മൂന്ന് മിനിറ്റുകൾക്കകം ജിറൂഡിലൂടെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ പിറന്നു. താരത്തിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് എംബാപ്പെയും. തുടർന്നും ഫ്രാൻസിന് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. ജിറൂഡിന്‍റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റില്‍ കേറാതെ പുറത്ത് പോയി.
റെക്കോഡുമായി ജിറൂഡ്: രണ്ട് ഗോളുമായി ഫ്രാൻസിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒലിവർ ജിറൂഡ് ഗോൾവേട്ടയിൽ ഇതിഹാസ താരത്തിനൊപ്പമെത്തി. ഫ്രാൻസ് ദേശീയ ടീമിനായി 51 ഗോളുകൾ നേടിയ താരം തിയറി ഹെൻറി എന്ന ഗോളടിയന്ത്രത്തിന്‍റെ റെക്കോഡിനൊപ്പമെത്തിയത്. അതോടൊപ്പം മത്സരത്തിൽ രണ്ടു തവണ വലകലുക്കി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ യൂറോപ്യന്‍ താരവുമായിരിക്കുകയാണ് 36 വയസും 53 ദിവസവും പ്രായമായ ജിറൂദ്.