ദോഹ :ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്കെത്തിച്ചായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയ്‌ന്‍, ബുകായോ സാക എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്‍റെ എതിരാളി. ഡിസംബര്‍ 11നാണ് മത്സരം.
ആദ്യം സെനഗല്‍, പിന്നെ ഇംഗ്ലണ്ട് :മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ സെനഗല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്തിരുന്നു. എന്നാല്‍ കലിദൗ കൗലിബലിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍ പ്രതിരോധ കോട്ട തീര്‍ത്തതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ആദ്യം ഇംഗ്ലീഷ് പടയ്‌ക്കായില്ല. മറുവശത്ത് പതിയെ കളി പിടിച്ച സെനഗല്‍ ആദ്യ പകുതിയില്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു.
മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ മുന്നിലെത്താനുള്ള അവസരം സെനഗലിന് ലഭിച്ചിരുന്നു. ത്രൂ ബോളുമായി ബുലായ ഡിയ ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് മുന്നേറിയെങ്കിലും ഹാരി മഗ്വയറിന്‍റെ ഇടപെടലിലൂടെ ത്രീ ലയണ്‍സ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നും സെനഗല്‍ ആക്രമണം കടുപ്പിച്ചുകൊണ്ടേയിരുന്നു.
31ാം മിനിട്ടിലാണ് ഇംഗ്ലണ്ട് ആരാധകരെ ഒരു നിമിഷത്തേക്ക് ഒന്നടങ്കം ഞെട്ടിച്ച സെനഗല്‍ ആക്രമണം പിറന്നത്. സാക്കയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാര്‍, ഡിയയിലേക്ക് പാസ് നല്‍കി. ഗോളെന്നുറച്ച ഡിയയുടെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു.
ഗോളടിച്ച് ത്രീ ലയണ്‍സ് : 38ാം മിനിട്ടില്‍ ഇംഗ്ലണ്ട്, സെനഗല്‍ പ്രതിരോധം തകര്‍ത്ത് ആദ്യ നിറയൊഴിച്ചു. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണിലൂടെയാണ് ത്രീ ലയണ്‍സ് ലീഡ് നേടിയത്. ഹാരി കെയ്‌ന്‍ ജൂഡ് ബെല്ലിങ്ങാമിന് നല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മുന്നേറിയ ബെല്ലിങ്ങാമിന്‍റെ കട്ട്‌ബാക്ക് പാസ് ഹെന്‍ഡേഴ്‌സണ്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് കരുത്ത് കൂടി. മറുവശത്ത് സെനഗല്‍ കളി കൈവിടാനും തുടങ്ങി. ഇതിനിടെ ഹാരി കെയ്‌ന്‍ ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ സെനഗല്‍ ബോക്‌സില്‍ വെല്ലുവിളി സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.
പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്യാപ്‌റ്റന്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോള്‍ പിറന്നു. ബെല്ലിങ്ങാം തുടങ്ങിവെച്ച കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ബെല്ലിങ്ങാമിന്‍റെ പാസ് ഫോഡനിലേക്ക്, ഫോഡന്‍ സമയം കളയാതെ പന്ത് ഹാരി കെയ്‌ന് മറിച്ച് നല്‍കി.
പന്തുമായി സെനഗല്‍ ബോക്‌സിലേക്കെത്തിയ കെയ്‌ന്‍, ഗോളി മെന്‍ഡിക്ക് യാതൊരു അവസരവുമൊരുക്കാതെ ലക്ഷ്യം കണ്ടു. ഖത്തര്‍ ലോകകപ്പില്‍ താരത്തിന്‍റെ ആദ്യ ഗോള്‍.
ആക്രമണം തുടര്‍ന്ന രണ്ടാം പകുതി : ഇരട്ടഗോളുകളുടെ ലീഡുമായി കളത്തില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് രണ്ടാം പകുതിയിലും ആക്രമണം ശക്തമാക്കി. 57ാം മിനിട്ടിലാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. ബുകായോ സാക്കയാണ് ഗോള്‍ നേടിയത്.
മധ്യഭാഗത്ത് കെയ്‌ന് നഷ്‌ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ഫില്‍ ഫോഡന്‍ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഫോഡന്‍ നല്‍കിയ പാസ് സാക്ക അനായാസം വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളും വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര്‍ ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.