ദോഹ: ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരുടെ ഹൃദയം തകര്‍ത്ത് ഇക്വഡോര്‍. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ വിജയമാണ് ലാറ്റിനമേരിക്കന്‍ സംഘം നേടിയത്. എന്നര്‍ വലന്‍സിയയുടെ വകയായിരുന്നു രണ്ട് ഗോളുകളും.
മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്. 16,31 മിനിട്ടുകളിലായിരുന്നു ഇക്വഡോര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്‌തത്. ഖത്തറിന്‍റെ പരിചയക്കുറവ് മുതലെടുത്തായിരുന്നു ഇക്വഡോര്‍ ആക്രമണങ്ങള്‍.
മിന്നലാക്രമണങ്ങള്‍ നിറഞ്ഞ ഒന്നാം പകുതി:ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ആതിഥേയര്‍ക്കെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചുവിട്ട ഇക്വഡോര്‍ 5ാം മിനിട്ടില്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഫെലിക്സ് ടോറസ് നല്‍കിയ അവസരം വലന്‍സിയ ഹെഡ് ചെയ്‌ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ടോറസ് ഓഫ്‌സൈഡില്‍ കുടുങ്ങിയത് ലാറ്റിനമേരിക്കന്‍ സംഘത്തിന് തിരിച്ചടിയായി.
പിന്നാലെ ഖത്തര്‍ ഗോള്‍ മുഖത്തേക്ക് തുടരെയുള്ള ഇക്വഡോറിന്‍റെ ആക്രമണങ്ങളായിരുന്നു. നിരന്തര ആക്രമണങ്ങള്‍ക്കുള്ള ഇക്വഡോറിന് 15ാം മിനിട്ടില്‍ ലഭിച്ചു. പന്തുമായി ഗോള്‍ മുഖത്തേക്ക് പാഞ്ഞ എന്നര്‍ വലന്‍സിയയെ തടുക്കാനുള്ള ഗോളി അല്‍ ഷീബിന്‍റെ ശ്രമം പാളി.
ഇതേ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സമ്മര്‍ദം കൂടാതെ വലയിലെത്തിച്ച് വലന്‍സിയ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്‌തു. തുടര്‍ന്നും വലന്‍സിയയെ കേന്ദ്രീകരിച്ചായിരുന്നു ഇക്വഡോര്‍ മുന്നേറ്റങ്ങള്‍. താരത്തെ തേടി പാസുകളും ക്രോസുകളും ഖത്തര്‍ ബോക്‌സിലേക്കെത്തി.