ദോഹ: മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ക്രൊയേഷ്യയെ ഞെട്ടിച്ച് കാനഡ. എന്നാല്‍ അതിനുള്ള മറുപടി എണ്ണം പറഞ്ഞ നാല് ഗോളിലൂടെ തിരികെ നല്‍കി ലൂക്ക മോഡ്രിച്ചും സംഘവും. ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ കാനഡയെ തകര്‍ത്തെറിഞ്ഞ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ക്രൊയേഷ്യ.
ക്രൊയേഷ്യയുടെ നാലില്‍ രണ്ട് ഗോളുമടിച്ചത് ആന്ദ്രേ ക്രാമറിറിച്ച് ആയിരുന്നു. മാര്‍ക്കോ ലിവായ, മയെര്‍ എന്നിവരാണ് യൂറോപ്യന്‍ സംഘത്തിന്‍റെ ഗോള്‍പട്ടിക തികച്ചത്. അല്‍ഫോന്‍സോ ഡേവിസിന്‍റെ വകയായിരുന്നു കാനഡയുടെ ഗോള്‍.
തോല്‍വി വഴങ്ങിയെങ്കിലും ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബെല്‍ജിയത്തെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കാനഡ ഖലീഫ സ്‌റ്റേഡിയത്തിലിറങ്ങിയത്. അതിന്‍റെ പ്രതിഫലനം ആദ്യ നിമിനിഷങ്ങളില്‍ അവര്‍ പുറത്തെടുക്കുകയും ചെയ്‌തു. അതിവേഗം തന്നെ മുന്നേറ്റം നടത്തിയ കാനഡ അല്‍ഫോന്‍സോ ഡേവിസിലൂടെ രണ്ടാം മിനിട്ടില്‍ തന്നെ ക്രൊയേഷ്യന്‍ ഗോള്‍ വല ചലിപ്പിച്ചു.
തേജോണ്‍ ബുചനാന്‍ നല്‍കിയ ക്രോസിന് തലവെച്ചാണ് ടീമിന്‍റെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍ താരം ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ വര്‍ധിത വീര്യത്തോടെ തിരികെയെത്തിയ ക്രൊയേഷ്യയെ ആണ് പിന്നീട് കണ്ടത്. കാനഡയുടെ ആക്രമണങ്ങള്‍ പൊളിച്ച യൂറോപ്യന്‍ സംഘം എതിര്‍ ബോക്‌സിലേക്ക് പ്രത്യാക്രമണങ്ങളും നടത്തി.