ദോഹ:ആവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീലിനെ തകര്‍ത്ത് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലും അധിക സമയത്ത് ഒരു ഗോള്‍ വീതമടിച്ചും ഇരു ടീമുകളും തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്കായി നിക്കോളോ വ്ലാസിച്ച്, ലോവ്‌റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. കാനറികള്‍ക്കായി കാസിമിറൊ, പെഡ്രോ എന്നിവര്‍ പന്ത് വലയിലെത്തിച്ചെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞിട്ടു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്‍റെ ഷോട്ട് പോസ്‌റ്റില്‍ തട്ടി തെറിച്ചതോടെയാണ് ബ്രസീലിന് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.
തുടര്‍ച്ചയായ രണ്ടാം പ്രാവശ്യമാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലെത്തിയ ടീം ഫ്രാന്‍സിനോട് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് മടങ്ങിയത്. 1986ന് ശേഷം ആദ്യമായാണ് ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്.
2002ല്‍ കിരീടം നേടിയ ശേഷം കളിച്ച ആറാമത്തെ നോക്ക് ഔട്ട് മത്സരമായിരുന്നു ബ്രസീലിന് ഇത്. ഇതില്‍ നാലാമത്തെ തവണയാണ് കാനറിപ്പടയുടെ തേരോട്ടം ക്വാര്‍ട്ടറില്‍ അവസാനിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടും 2010ല്‍ നെതര്‍ലന്‍ഡ്സ്, 2006ല്‍ ഫ്രാന്‍സ് എന്നീ ടീമുകളോടും തോറ്റാണ് ബ്രസീല്‍ പുറത്തായത്.
മഞ്ഞക്കിളികളെ കൂട്ടിലാക്കിയ ക്രൊയേഷ്യ:ആദ്യ പകുതിയിൽ കരുത്തരായ ബ്രസീലിനെ വരിഞ്ഞു മുറുക്കുന്ന പ്രകടനമാണ് ക്രൊയേഷ്യ കാഴ്‌ചവച്ചത്. ആദ്യ പകുതിയിൽ പന്തടക്കത്തിലും, കളിമികവിലും ആധിപത്യം ബ്രസീലിനായിരുന്നുവെങ്കിലും ഇടയ്‌ക്കിടെ ചില കൗണ്ടർ അറ്റാക്കുകളുമായി ക്രൊയേഷ്യ ബ്രസീൽ ഗോൾ മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്‌തമായി പ്രതിരോധത്തോടൊപ്പം ആക്രമണത്തിനും പ്രാധാന്യം നൽകിയാണ് യൂറോപ്യന്‍ സംഘം പന്തുതട്ടിയത്.
12-ാം മിനിട്ടിൽ ക്രൊയേഷ്യയാണ് മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത്. വലതുവിങ്ങിലൂടെ ജോസിപ് ജുരാനോവിച്ച് നടത്തിയ അതിവേഗ മുന്നേറ്റം ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചെങ്കിലും ടൈമിങ് തെറ്റിയത് തിരിച്ചടിയായി. പിന്നാലെ 21-ാം മിനിട്ടിൽ നെയ്‌റുടെ ലോങ് റേഞ്ചറും ഗോളിയുടെ കൈകളിൽ അവസാനിച്ചു. പിന്നീട് 42-ാം മിനിട്ടിൽ ബോക്‌സിനരികിൽ നെയ്‌മർക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലേക്കെത്തി.
ദക്ഷിണകൊറിയക്കെതിരെ കളിച്ച അതേ ടീമുമായാണ് ബ്രസീൽ ക്രൊയേഷ്യക്കെതിരെയും ഇറങ്ങിയത്. 4-2-3-1 എന്ന ശൈലിയിലായിരുന്നു ബ്രസീൽ ടീം. മറുവശത്ത് ജപ്പാനെ വീഴ്‌ത്തിയ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ക്രൊയേഷ്യ കളത്തിലിറങ്ങിയത്. കഴിഞ്ഞ കളിയിലില്ലായിരുന്ന സോസ, ബാരിസിച്ചിന് പകരവും, പസാലിച്ച്, പെട്‌കോവിച്ചിന് പകരവും ആദ്യ ഇലവനിൽ ഇടം പിടിച്ചു. 4-3-3 ശൈലിയിലായിരുന്നു ക്രൊയേഷ്യയെത്തിയത്.
ആക്രമണം, പ്രതിരോധം :രണ്ടാം പകുതിയില്‍ ബ്രസീലിന്‍റെ കളി ആകെ മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി കാനറിപ്പട ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 56-ാം മിനിറ്റില്‍ റാഫിഞ്ഞ്യോയെ പിന്‍വലിച്ച് ആന്‍റണിയെ പരിശീലകന്‍ കളത്തിലിറക്കിയതോടെ മഞ്ഞപ്പടയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി.
ബ്രസീലിന്‍റെ ഓരോ മുന്നേറ്റങ്ങളെയും തകര്‍ക്കുന്ന പ്രകടനമാണ് മറുവശത്ത് ഗോള്‍ കീപ്പര്‍ ഡൊമനിക്ക് ലിവാക്കോവിച്ചും ക്രൊയേഷ്യന്‍ പ്രതിരോധവും നടത്തിക്കൊണ്ടിരുന്നത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ മികച്ച നീക്കങ്ങള്‍ നടത്താനും യൂറോപ്യന്‍ സംഘത്തിന് കഴിഞ്ഞു. ഒപ്പത്തിനൊപ്പമുള്ള പ്രകടനം ഇരു കൂട്ടരും നടത്തിയതോടെ മത്സരത്തിന്‍റെ നിശ്ചിത സമയം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
സുല്‍ത്താന്‍റെ ഗോള്‍ :അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിലും ബ്രസീല്‍ ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടേയിരുന്നു. തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ ആദ്യ ഗോളും പിറന്നു. 105-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്‌മര്‍ ആണ് ബ്രസീലിന്‍റെ രക്ഷയ്‌ക്കെത്തിയത്.
പല ഗോളവസരങ്ങളും തട്ടിയകറ്റിയ ക്രൊയേഷ്യന്‍ പ്രതിരോധത്തേയും ഗോള്‍ കീപ്പറെയും വിദഗ്‌ധമായി മറികടന്നാണ് നെയ്‌മര്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. കിട്ടിയ അവസരം മുതലെടുത്ത് പക്വെറ്റയ്‌ക്ക് പന്ത് കൈമാറിയ ശേഷം ബോക്‌സിനുള്ളിലേക്ക് പാഞ്ഞടുത്തു സൂപ്പര്‍ താരം. ക്രൊയേഷ്യന്‍ പ്രതിരോധത്തെ കീറിമുറിച്ച പക്വെറ്റയുടെ പാസ് നെയ്‌മറുടെ കാലുകളില്‍. പന്തുമായി പോസ്‌റ്റിലേക്ക് നീങ്ങി ഗോള്‍ കീപ്പര്‍ ലിവാക്കോവിച്ചിനെ വട്ടം ചുറ്റിച്ച് നെയ്‌മറുടെ ഫിനിഷിങ്. എക്‌സ്‌ട്ര ടൈമിന്‍റെ ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ ലീഡ് നേടി കാനറിപ്പട.
പെറ്റ്‌കോവിച്ചിന്‍റെ മറുപടി, പിന്നെ ഷൂട്ടൗട്ട്: അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ആവുന്നത് പോലെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു ക്രൊയേഷ്യ. ഒടുവില്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ അവര്‍ സമനില ഗോളും കണ്ടെത്തി. നിര്‍ണായക സമയത്ത് ഒരു ഗോള്‍ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് ആക്രമണം നടത്തിക്കൊണ്ടേയിരുന്ന കാനറിപ്പടയ്‌ക്ക് കിട്ടിയ ശിക്ഷ ആയിരുന്നു പെറ്റ്‌കോവിച്ചിന്‍റെ ഗോള്‍.
ബ്രസീല്‍ നീക്കത്തില്‍ നിന്നും റാഞ്ചിയെടുത്ത പന്തുമായി കുതിച്ച ഓര്‍സിച്ചാണ് ക്രൊയേഷ്യന്‍ ഗോളിനായി വഴിയൊരുക്കിയത്. ഇടത് വിങ്ങിലൂടെ ബ്രസീല്‍ ബോക്‌സിലേക്ക് മുന്നേറിയ താരം പെറ്റ്‌കോവിച്ചിലേക്ക് പന്ത് കൈമാറി. പെറ്റ്‌കോവിച്ചിന്‍റെ ഇടംകാലന്‍ ഷോട്ട് മാര്‍ക്വീഞ്ഞോയുടെ കാലുകളില്‍ തട്ടി അലിസണെയും കടന്ന് ബ്രസീല്‍ ഗോള്‍ വല തുളച്ചുകയറി.
അവസാന നിമിഷത്തില്‍ മികച്ച ഗോളവസരം സൃഷ്‌ടിച്ചെടുക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും ഗോളി ലിവാക്കോവിച്ചിനെ മറികടക്കാന്‍ മാത്രം അവര്‍ക്കായില്ല. അധിക സമയത്തിന്‍റെ ഇന്‍ജുറി ടൈമില്‍ കാനറിപ്പടയുടെ മിഡ്‌ഫീല്‍ഡ് ജനറല്‍ കാസിമിറൊയുടെ ഷോട്ടാണ് ക്രൊയേഷ്യന്‍ ഗോളി തടഞ്ഞിട്ടത്. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോഴും ഇരു കൂട്ടരും ഒരു ഗോളിന്‍റെ സമനില പൂട്ടില്‍ കുരുങ്ങിയതിന് പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക്.