ഖത്തർ : ഫിഫ ലോകകപ്പിൽ ജർമനിയെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ജപ്പാന് കോസ്റ്ററിക്കയുടെ പ്രഹരം. വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ പൂർണ ആധിപത്യം ജപ്പാനായിരുന്നുവെങ്കിലും കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് കോസ്റ്ററിക്ക പ്രവചനങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു.
കളിച്ചത് ജപ്പാനെങ്കിലും ജയിച്ചത് കോസ്റ്ററിക്ക ; വിജയം ഏകപക്ഷീയമായ ഒരു ഗോളിന്
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്‍റെ 81-ാം മിനിട്ടിൽ കെയ്‌ഷർ ഫുളർ നേടിയ ഗോളാണ് കോസ്റ്ററിക്കയെ ജയത്തിലേക്ക് നയിച്ചത്
ഇരുടീമുകളും വലിയ മുന്നേറ്റങ്ങളൊന്നും നടത്താതെയാണ് ആദ്യ പകുതി അവസാനിപ്പിച്ചത്. ജപ്പാൻ ആക്രമണ ശൈലി പുറത്തെടുത്തപ്പോള്‍ പന്ത് കൂടുതൽ സമയം കൈവശം വച്ച് സാവധാനമാണ് കോസ്റ്ററിക്ക മുന്നേറിയത്. ഇതിനിടെ നിരവധി അവസരങ്ങൾ ജപ്പാൻ സൃഷ്‌ടിച്ചുവെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും ഗോൾ നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലേക്കിറങ്ങിയത്. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തിൽ 81-ാം മിനിട്ടിൽ കെയ്‌ഷർ ഫുളർ നേടിയ ഗോൾ ജപ്പാന്‍റെ ഹൃദയം തകർത്തുകൊണ്ട് വലയിൽ പതിക്കുകയായിരുന്നു. മത്സരത്തിൽ ഒരേ ഒരു ഷോട്ട് മാത്രമാണ് കോസ്റ്ററിക്ക ജപ്പാൻ ഗോൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. അത് ഗോളാക്കി മാറ്റാനും അവർക്ക് സാധിച്ചു.